10 കോടി രൂപ വരെയുള്ള സംരംഭങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി വേണ്ട : മുഖ്യമന്ത്രി

Posted on: September 14, 2019

കണ്ണൂര്‍ : 10 കോടി രൂപ വരെ മുതല്‍ മുടക്കുള്ള സംരംഭങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

പ്രവര്‍ത്തനം തുടങ്ങി മൂന്നു വര്‍ഷത്തിനകം ലൈസന്‍സ് നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ മതി. നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ അവാര്‍ഡുകള്‍ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യ മന്ത്രി. സംസ്ഥാനത്തെ കൂടുതല്‍ വ്യവസായ- നിക്ഷേപ സൗഹൃദമാക്കുന്നതിന്റെ ഭാഗമായാണു തീരുമാനം. 10 കോടിയില്‍ കൂടുതല്‍ നിക്ഷേപം ആവശ്യമുള്ള സംരംഭങ്ങള്‍ക്ക് ലൈസന്‍സ് ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍ (കെഎസ്‌ഐഡിസി) മുഖേന ചെയ്തു കൊടുക്കും.
സംസ്ഥാനത്ത് ശക്തമായ വ്യവസായ സൗഹൃദാന്തരീക്ഷമാണു നിലവിലുള്ളത്.

നിസാന്‍ വന്നതും ഫ്യൂജിത്സു, ടെക് മഹീന്ദ്ര, എയര്‍ ബസ് തുടങ്ങി രാജ്യാന്തര പ്രശസ്തിയുള്ള ഒട്ടേറെ കമ്പനികള്‍ കേരളത്തിലേക്കു വരാന്ഡ തയാറായി നില്‍ക്കുന്നതുമെല്ലാം ഇതിന്റെ ഭാഗമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളത്തിനു ചുറ്റുമായി 5000 ഏക്കര്‍ ഭൂമി കണ്ടെത്താന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങിയതായി വ്യവസായ മന്ത്രി ഇ. പി. ജയരാജന്‍ പറഞ്ഞു.

ഇവിടെ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ക്ക് സര്‍ക്കാര്‍ സൗകര്യങ്ങളൊരുക്കും. വിവാദങ്ങള്‍ സൃഷ്ടിച്ചു സമയം കളയാന്‍ സര്‍ക്കാരിനു താല്‍പര്യമില്ലെന്നും ഇ. പി ജയരാജന്‍ പറഞ്ഞു. നോക്കുകൂലിയായാലും തൊഴില്‍പ്രശ്‌നങ്ങളായാലും സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടും. വലിയ നിക്ഷേപം ആവശ്യമുള്ള സംരംഭങ്ങളില്‍ സംയുക്ത നിക്ഷേപം നടത്തുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കുമെന്നു മന്ത്രി പറഞ്ഞു.