ദേശീയ പത്രവാരാചരണവും മീഡിയ അക്കാദമി പിജി ഡിപ്ലോമ പ്രവേശനോത്സവവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Posted on: November 14, 2020

 

കൊച്ചി :  ദേശീയ പത്രവാരാചരണത്തിന്റെയും കേരള മീഡിയ അക്കാദമിയുടെ പിജി ഡിപ്ലോമ
കോഴ്‌സുകളിലേക്കുളള 2020-21 വര്‍ഷത്തെ പ്രവേശനോത്സവത്തിന്റെയും ഉദ്ഘാടനം നവംബര്‍ 16 തിങ്കളാഴ്ച രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും.

ഉദ്ഘാടനപ്രസംഗം മുഖ്യമന്ത്രി ഓണ്‍ലൈനിലൂടെയാണ് നിര്‍വ്വഹിക്കുന്നത്. സമ്മേളനം കാക്കനാട് മീഡിയ അക്കാദമി ഹാളില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നവംബര്‍ 16ന് രാവിലെ 11 മുതല്‍ നടക്കും. അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു അധ്യക്ഷനായിരിക്കും. ഡോ.എം.ലീലാവതി അനുഗ്രഹപ്രഭാഷണവും ഡോ.സെബാസ്റ്റ്യന്‍ പോള്‍ ദേശീയ പ്രതദിനപ്രഭാഷണവും നടത്തും. കേരളപത്രപ്രവര്‍ത്തക യൂണിയന്‍ ജനറല്‍ സെക്രട്ടറി ഇ.എസ്.സുഭാഷ് ആശംസയര്‍പ്പിക്കും.

കേരള മീഡിയ അക്കാദമി സെക്രട്ടറി ചന്ദ്രഹാസന്‍ വടുതല സ്വാഗതമാശംസിക്കും. ദേശീയ പ്രതദിനത്തോട് അനുബന്ധിച്ച് നവംബര്‍ 16 മുതല്‍ 22 വരെ വിവിധ പ്രസ് ക്ലബ്ബുകളുമായി സഹകരിച്ച് നേരറിയാനുളള അവകാശം ഉയര്‍ത്തിപ്പിടിച്ച് – ‘മാധ്യമവിശ്വാസ്യത സംരക്ഷണ വാരം’ അക്കാദമിസംഘടിപ്പിക്കുകയാണ്. സമാപന സമ്മേളനം കേസരി സ്മാരക ജേര്‍ണലിസ്റ്റ് ട്രസ്റ്റുമായി ചേര്‍ന്ന് തിരുവനന്തപുരത്ത് നവംബര്‍ 20ന് സംഘടിപ്പിക്കും. പ്രശസ്ത മാധ്യമ വിചക്ഷണന്‍ ശശികുമാര്‍ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും.