കിംഗ്ഫിഷർ ഓഹരി ട്രേഡിംഗിന് വിലക്ക്

Posted on: November 8, 2014

King-Fisher-plane-big

കിംഗ്ഫിഷർ എയർലൈൻസ് ഓഹരികളുടെ ട്രേഡിംഗിന് ഡിസംബർ ഒന്നു മുതൽ വിലക്ക് ഏർപ്പെടുത്തിയതായി ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചും നാഷണൽ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചും അറിയിച്ചു. ലിസ്റ്റിംഗ് എഗ്രിമെന്റ് പ്രകാരം കൃത്യമായി പ്രവർത്തനഫലങ്ങൾ പുറത്തിറക്കാത്ത സാഹചര്യത്തിലാണ് കിംഗ്ഫിഷറിനെതിരെ നടപടി സ്വീകരിച്ചിട്ടുള്ളത്. രണ്ടു വർഷമായി സർവീസ് നടത്താത്ത കിംഗ്ഫിഷർ എയർലൈൻസ് 2013 ഡിസംബറിലാണ് അവസാനം ക്വാർട്ടർഫലം പ്രസിദ്ധീകരിച്ചത്.

1361.82 കോടി രൂപ മൂലധനമുള്ള കിംഗ്ഫിഷർ പതിനായിരത്തോളം കോടി കടബാധ്യതയിലാണ്. ശമ്പള കുടിശിക വേറെ. പത്തു രൂപ മുഖവിലയുള്ള ഓഹരിക്ക് 2010 ഒക്ടോബറിൽ 91 രൂപ വരെ വില ഉയർന്നിരുന്നു. 2013 മാർച്ച് മുതൽ മുഖവിലയ്ക്ക് താഴെയാണ് വ്യാപാരം നടന്നിരുന്നത്. പിന്നീട് ആരും വാങ്ങാൻ ഇല്ലാത്ത അവസ്ഥയിലേക്ക് നീങ്ങി. കമ്പനിയുടെ തകർച്ച കിംഗ്ഫിഷർ ഓഹരിയുടമകൾക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് വരുത്തിയിട്ടുള്ളത്.

സമാനമായ കാരണത്താൽ വിജയ് മല്യയുടെ മറ്റൊരു കമ്പനിക്കും സ്റ്റോക്ക്എക്‌സ്‌ചേഞ്ചുകൾ വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. നടപ്പുവർഷം തുടർച്ചയായി രണ്ടു ക്വാർട്ടറുകളിൽ പ്രവർത്തനഫലം പുറത്തിറക്കാത്ത സാഹചര്യത്തിലാണ് യുബി എൻജിനീയറിംഗിനും ഡിസംബർ ഒന്നു മുതൽ വിപണി വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. ഇരു കമ്പനികളിലെയും പ്രമോട്ടർമാരുടെ ഓഹരിവിഹിതവും മരവിപ്പിച്ചിട്ടുണ്ട്.