ഗ്ലോബൽ ഫുഡ് കമ്പനിയാകാൻ ഈസ്റ്റേൺ ഗ്രൂപ്പ്

Posted on: November 8, 2014

Eastern-Group-CS

ഇന്ത്യയിലെ ഏറ്റവും വലിയ സുഗന്ധവ്യഞ്ജന കമ്പനിയാകാൻ ഈസ്റ്റേൺ ഒരുങ്ങുന്നു. പ്രോസസ് ചെയ്ത സുഗന്ധ വ്യഞ്ജനങ്ങളുടെ വിഭാഗത്തിൽ മിഡിൽഈസ്റ്റിൽ 50 ശതമാനം വിപണിവഹിതം ഈസ്റ്റേണിനുണ്ട്. വളർച്ചയുടെ ഭാഗമായി ഈസ്റ്റേൺ കോണ്ടിമെന്റ്‌സിന്റെ ഒമ്പതാമത്തെ പ്ലാന്റ് കർണാടകയിൽ തുടങ്ങുമെന്ന് മാനേജിംഗ്ഡയറക്ടർ ഫിറോസ് മീരാൻ പറഞ്ഞു. ബാംഗലുരുവിൽ ഈസ്റ്റേണിന്റെ പുതിയ റീജണൽ ഹെഡ്ക്വാർട്ടേഴ്‌സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മഹാരാഷ്ട്രയിലെ രസയനി, ഉത്തർ പ്രദേശിലെ ഗാസിയാബാദ്, തമിഴ്‌നാട്ടിലെ തേനി, ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ എന്നീ പ്ലാന്റുകൾക്ക് ശേഷമാണ് അത്യാധുനിക സൗകര്യങ്ങളുള്ള ഈ ഫാക്ടറി വരുന്നത്. ഈസ്റ്റേണിന് കേരളത്തിൽ മൂന്ന് പ്ലാന്റുകളും മിഡിൽ ഈസ്റ്റിൽ ഒരു പ്ലാന്റും നിലവിലുണ്ട്. നടപ്പു ധനകാര്യവർഷത്തിലെ ആദ്യത്തെ ആറ് മാസക്കാലത്ത് കേരളത്തിന് പുറത്തെ വിപണിയിൽ ഈസ്റ്റേൺ 36 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞവർഷം 33 ശതമാനം വളർച്ചയാണ് നേടിയത്.

ഈസ്റ്റേണിന്റെ റീട്ടെയിൽ കടകളിലേക്ക് നേരിട്ടുള്ള വില്പനയും ഉപഭോക്താവിന് അതാതു സ്ഥലങ്ങളിൽ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾ എത്തിക്കുന്നതിലുള്ള വിജയവുമാണ് എല്ലാ മേഖലകളിലെ വിപണികളിലെയും വളർച്ച സൂചിപ്പിക്കുന്നതെന്ന് ഫിറോസ് മീരാൻ പറഞ്ഞു. ഭക്ഷ്യ ഉത്പാദനത്തിൽ പുതുമയാർന്ന സാങ്കേതികവിദ്യ ഉപയോഗിക്കുന്ന പാരമ്പര്യമുള്ള ഈസ്റ്റേൺ ഗുണ്ടൂരിൽ അത്യാധുനിക കോൾഡ് മില്ലിംഗ് സംവിധാനം സജ്ജമാക്കിക്കഴിഞ്ഞു.

പുതിയ മേഖലകളിലെ വിജയവും പുതിയ വിഭാഗത്തിൽ വരാനിരിക്കുന്ന ഉത്പന്നങ്ങളും മുന്നോട്ടുള്ള പ്രയാണത്തിന് ശക്തിപകരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഈസ്റ്റേണിനെ ഗ്ലോബൽ ഫുഡ് കമ്പനിയാക്കാനുള്ള ആഗ്രഹം ഈസ്റ്റേൺ ചെയർമാനും സിഐഐ സതേൺ റീജിയൺ ചെയർമാനുമായ നവാസ് മീരാൻ പങ്കുവച്ചു. ആഗോള വളർച്ച ലക്ഷ്യമിട്ട് അമേരിക്കയിൽ സെയിൽ ഹെഡിനെ നിയോഗിച്ചിട്ടുണ്ടെന്ന് നവാസ് മീരാൻ ചൂണ്ടിക്കാട്ടി.