സുഷമാ സ്വരാജിന് രാജ്യം കണ്ണീരോടെ വിടനൽകി

Posted on: August 7, 2019

ന്യൂഡൽഹി : ഇന്ത്യയുടെ ജനപ്രിയ വിദേശകാര്യമന്ത്രിയായിരുന്ന സുഷമാ സ്വരാജിന് രാജ്യം കണ്ണീരോടെ വിടനൽകി. ഡൽഹിയിലെ ലോധി റോഡ് ശ്മശാനത്തിൽ സംസ്‌കാര ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ നൂറുകണക്കിന് ആളുകൾ എത്തിയിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഹുൽ ഗാന്ധി തുടങ്ങിയ നിരവധി നേതാക്കളും മന്ത്രിമാരും അന്തിമോപചാരം അർപ്പിച്ചു.

മകൾ ബംസൂരി സ്വരാജ് ആണ് മരണാനന്തര കർമ്മങ്ങൾ നിർവഹിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലായിരുന്നു അന്ത്യം. 

ഒന്നാം മോദി സർക്കാരിൽ വിദേശകാര്യമന്ത്രിയെന്ന നിലയിൽ തിളക്കമാർന്ന പ്രകടനം കാഴ്ച്ചവെച്ചു. നാല് തവണ ലോകസഭയിലേക്കും മൂന്ന് തവണ രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2016 ൽ വൃക്കമാറ്റി വെച്ചിരുന്നു. അനാരോഗ്യം കാരണം ഇത്തവണ തെരഞ്ഞെടുപ്പിൽ മത്സരിച്ചില്ല. മുൻ മിസോറാം ഗവർണറും സുപ്രീംകോടതി അഭിഭാഷകനുമായ സ്വരാജ് കൗശൽ ആണ് ഭർത്താവ്. 

വാജ്‌പേയ് സർക്കാരിൽ വാർത്താവിതരണം പ്രക്ഷേപണം, വാർത്താവിനിമയം, ആരോഗ്യം-കുടുംബക്ഷേമം, പാർലമെന്ററികാര്യം എന്നീ വകുപ്പുകൾ കൈകകാര്യം ചെയ്തു. 2009 -2014 കാലഘട്ടത്തിൽ ലോകസഭ പ്രതിപക്ഷനേതാവായിരുന്നു.

ഹരിയാനയിലെ അംബാല കന്റോൺമെന്റിൽ 1952 ഫെബ്രുവരി 14 ന് ആയിരുന്നു ജനനം. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്ത് വന്ന സുഷമ 1977 ൽ 25 ാം വയസിൽ ഹരിയാന നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി. 1980 ൽ ബിജെപി രൂപീകരിച്ചതു മുതൽ പാർട്ടി അംഗം. 1998 ൽ ഡൽഹിയിലെ ആദ്യ മുഖ്യമന്ത്രിയായി.

TAGS: BJP | Sushma Swaraj |