പേടിഎം മാളില്‍ നിക്ഷേപവുമായി ഇബേ

Posted on: July 19, 2019

മുംബൈ : ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ ഇബേ വീണ്ടും ഇന്ത്യയിലേക്ക്. രണ്ടുവര്‍ഷം മുമ്പ് ഫ്‌ളിപ്കാര്‍ട്ടിന് ഇന്ത്യയിലെ ബിസിനസ് വിറ്റ് പിന്‍മാറിയ ഇ ബേ ഇത്തവണ പേടിഎം മാളില്‍ നിക്ഷേപവുമായാണ് എത്തുന്നത്. പേ ടിഎം മാളിന്റെ 5.5 ശതമാനം ഓഹരികള്‍ വാങ്ങാന്‍ കമ്പനി ധാരണയിലെത്തി. എത്ര രൂപയുടേതാണ് ഇടപാടെന്ന് ഇരു കമ്പനികളും വ്യക്തമക്കിയിട്ടില്ല.

അതേ സമയം, ഏകദേശം 1137 കോടിയുടെ ഇടപാടാണ് ഒരുങ്ങുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇത് നടപ്പായാല്‍ നോയിഡ ആസ്ഥാനമായുള്ള പേ ടിഎം മാള്‍ 300 കോടി ഡോളര്‍ (ഏകദേശം 20600 കോടി രൂപ) മൂല്യമുള്ള കമ്പനിയായി മാറും. കൂടാതെ ഇ ബേയിലെ പത്തു ലക്ഷത്തോളം ഉത്പന്നങ്ങള്‍ പേ ടിഎം മാളില്‍ വില്‍പ്പനയ്ക്കായി എത്തും.

കലിഫോര്‍ണിയയിലെ സാന്‍ ജോസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇ ബേ 1995- ലാണ് പ്രവര്‍ത്തനം തുടങ്ങിയത്. 2004 – ല്‍ ഇന്ത്യയിലെത്തിയെങ്കിലും ഫ്‌ളിപ്കാര്‍ട്ടിനോടും ആമസോണിനോടും മത്സരിക്കാനാകാതെ കളം വിട്ടു. ഇന്ത്യയിലെ ബിസിനസ് ഫ്‌ളിപ്കാര്‍ട്ടിന് കൈമാറിയിരുന്നെങ്കിലും ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. 2022 ഓടെ ഇന്ത്യയില്‍ ഇ കൊമേഴ്‌സ് വിപണി അഞ്ചു ലക്ഷം കോടി രൂപ മൂല്യമുള്ളതായി മാറുമെന്നാണ് കണക്കാക്കുന്നത്.

TAGS: EBay |