സ്‌നാപ്ഡീൽ അമേരിക്കയിൽ ലിസ്റ്റിംഗിന് ഒരുങ്ങുന്നു

Posted on: April 11, 2015

Snapdeal-Founders-big

ന്യൂഡൽഹി : സ്‌നാപ്ഡീൽ അടുത്തവർഷം ഇനീഷ്യൽ പബ്ലിക് ഓഫർ നടത്തി അമേരിക്കയിൽ ലിസ്റ്റ്‌ചെയ്യും. പബ്ലിക് ഇഷ്യുവിന് മുന്നോടിയായി മെർച്ചന്റ് ബാങ്കർമാരെ കമ്പനി നിയമിച്ചു. 2016-17 ധനകാര്യവർഷം ഐപിഒ നടത്താനും ഏതാനും നിക്ഷേപസ്ഥാപനങ്ങളെ ഒഴിവാക്കാനുമാണ് സ്‌നാപ്ഡീൽ ഒരുങ്ങുന്നത്.

ജപ്പാനിലെ സോഫ്റ്റ് ബാങ്ക് ആണ് സ്‌നാപ്ഡീലിൽ ഏറ്റവും കൂടുതൽ നിക്ഷേപം നടത്തിയിട്ടുള്ളത്. അമേരിക്കൻ ഇ-കൊമേഴ്‌സ് കമ്പനിയായ ഇ-ബേ, നെക്‌സസ് വെഞ്ചർ പാർട്‌ണേഴ്‌സ്, ഇൻഡോ-യുഎസ് വെഞ്ചർ, ബെസിമർ വെഞ്ചർ പാർട്‌ണേഴ്‌സ്, കലാരി കാപ്പിറ്റൽ, ഇന്റൽ കാപ്പിറ്റൽ, ബ്ലാക്ക്‌റോക്ക്, തെംസെക് ഹോൾഡിംഗ്‌സ് തുടങ്ങിയ നിക്ഷേപ സ്ഥാനങ്ങളും സ്‌നാപ്ഡീലിൽ മൂലധനനിക്ഷേപം നടത്തിയിട്ടുണ്ട്.

കൂടാതെ ടാറ്റാ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റാ, വിപ്രോ ചെയർമാൻ അസിം പ്രേംജി എന്നിവരും സ്‌നാപ്ഡീലിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. ചൈനീസ് ഇ-കൊമേഴ്‌സ് കമ്പനിയായ ആലിബാബ മൂലധനനിക്ഷേപത്തിന് ഒരുങ്ങിയെങ്കിലും വാല്യുവേഷനെ ചൊല്ലിയുണ്ടായ ഭിന്നതയിൽ മുടങ്ങുകയായിരുന്നു.

നാല് വർഷം മുമ്പ് ആരംഭിച്ച സ്‌നാപ്ഡീൽ കഴിഞ്ഞ രണ്ടു വർഷവും 600 ശതമാനവും വളർച്ചകൈവരിച്ചിരുന്നു. വിഷ്പിക്കർഡോട്ട്‌കോം, റുപ്പീപവർ (ഫിനാൻസ്), ഫ്രീചാർജ് (എംകൊമേഴ്‌സ്) എന്നീ മൂന്നു സ്ഥാപനങ്ങളെ കഴിഞ്ഞ നാല് മാസത്തിനിടെ സ്‌നാപ്ഡീൽ ഏറ്റെടുത്തിരുന്നു.

ബിസിനസിന്റെ 65 ശതമാനവും മൊബൈൽ വഴിയാണ് ലഭിക്കുന്നത്. 500 ലേറെ വിഭാഗങ്ങളിലായി 50 ലക്ഷത്തിലേറെ ഉത്പന്നങ്ങളും 50,000 ലേറെ വില്പനക്കാരുമാണ് സ്‌നാപ്ഡീലിനുള്ളത്. 25 ദശലക്ഷം പേരാണ് ഇടപാടുകാർ.