ഇ ബേയിൽ വാച്ച് മാൾ

Posted on: June 4, 2015

eBay-watch-mall-Launch-Big

ന്യൂഡൽഹി : ലൈഫ് സ്റ്റൈൽ മേഖലയിൽ സാന്നിധ്യം കൂടുതൽ ശക്തമാക്കി ഇബേ ഇന്ത്യ ഏറ്റവും വലിയ ഓൺലൈൻ വാച്ച് മാൾ ആരംഭിച്ചു. 65000 -ലേറെ വാച്ചുകളുടെ ശേഖരമാണ് ഇബേയിൽ ഉള്ളത്.

മോൺടേയ്ൻ, സ്വിസ് ലെജൻഡ്, വീക്വിൻ, റോയൽ ലണ്ടൻ, ബെൻഷെർമാൻ തുടങ്ങി 26 പ്രമുഖ അന്താരാഷ്ട്ര ബ്രാൻഡുകൾ പ്രസ്തുത ശേഖരത്തിൽ ഉൾപ്പെടുന്നു. 200-ലേറെ ആഗോള, പ്രാദേശിക ബ്രാൻഡ് വാച്ചുകൾ ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് ലഭ്യമാക്കും.

ഇന്ത്യയിലെ മൊത്തം വാച്ചു വിപണി 834 ദശലക്ഷം അമേരിക്കൻ ഡോളറിന്റേതാണ്. പ്രതിവർഷം വളർച്ച 10 ശതമാനം വീതമാണ്. ഓൺലൈൻ വാച്ച് വിപണി 32 ദശലക്ഷം അമേരിക്കൻ ഡോളറിന്റേതാണ്. പ്രതിവർഷം 35 ശതമാനം വളർച്ചയും രേഖപ്പെടുത്തുന്നുണ്ട്. ഇബേ ഇന്ത്യയുടെ വിപണി പങ്കാളിത്തം 21 ശതമാനമാണ്.

മൊത്തം വാച്ചുവിൽപനയുടെ 5 ശതമാനമാണ് കേരളത്തിന്റെ വിഹിതം. ഓൺലൈൻ വഴി വാച്ച് വാങ്ങുന്നവരിൽ ഭൂരിഭാഗവും കൊല്ലം, കണ്ണൂർ, പാലക്കാട് ജില്ലക്കാരാണ്. കേരളീയരുടെ പ്രിയ ബ്രാൻഡുകൾ അർമാനി, ഗസ്, ഡീസൽ, ടൈറ്റാൻ, ഗ്ലോർഡാനോ എന്നിവയാണെന്ന് ഇബേ ലൈഫ്‌സ്റ്റൈൽ തലവൻ നവീൻ മിസ്ട്രി പറഞ്ഞു.

ഇബേയിലെ 85,000- ഓളം പട്ടികയിൽ 50 ശതമാനം വാച്ചുകൾ ക്രോണോഗ്രാഫ് വിഭാഗത്തിലുൾപ്പെടുന്നവയാണ്. 30 ശതമാനം അനലോഗ് വിഭാഗത്തിലും 20 ശതമാനം സ്മാർട് വാച്ച് ഇനത്തിലും ഉൾപ്പെടുന്നു.

ഇബേയിൽ വാച്ചുകൾക്ക് 30 ശതമാനം ഡിസ്‌കൗണ്ട് ഉണ്ട്. ഐസിഐസിഐ, സിറ്റിബാങ്ക്, എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് തവണ വ്യവസ്ഥയിലും ലഭ്യമാണ്. ഇബേ ഗാരന്റി, റീഫണ്ട്, റീപ്ലേസ്‌മെന്റ് എന്നിവയാണ് മറ്റ് ആകർഷക ഘടകങ്ങൾ.