യു എ ഇ യുടെ ആദ്യ ഗോള്‍ഡ് കാര്‍ഡ് എം. എ. യൂസഫലിക്ക്

Posted on: June 4, 2019

ദുബായ് : യു എ ഇ യുടെ ആദ്യ ഗോള്‍ഡ് കാര്‍ജഡിന് പ്രവാസി മലയാളി വ്യവസായി എം. എ. യൂസഫലി അര്‍ഹനായി. വന്‍കിട നിക്ഷേപകര്‍ക്കും മികച്ച പ്രതിഭകള്‍ക്കും നല്‍കുന്ന ആജീവനാന്ത താമസരേഖയാണ് ഗോള്‍ഡ് കാര്‍ഡ്. യു എ ഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് അധികൃതരാണ് ആദ്യ ഗോള്‍ഡ് കാര്‍ഡ് ലുലു ഗ്രൂപ്പ് ചെയര്‍മാന് നല്‍കിയ കാര്യം വെളിപ്പെടുത്തിയത്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ സയീദ് സാലിം അല്‍ ഷംസിയാണ് ഗോള്‍ഡ് കാര്‍ഡ് യൂസഫലിക്ക് കൈമാറിയത്.

വന്‍കിട നിക്ഷേപകരെയും മികച്ച പ്രതിഭകളെയും പ്രൊഫഷണലുകളെയും രാജ്യത്തേക്ക് ആകര്‍ഷിക്കാനാണ് ഗോള്‍ഡ് കാര്‍ഡ് യു എ ഇ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ആദ്യ ഘട്ടമായി 6800 വിദേശികള്‍ക്കാണ് കാര്‍ഡ് അനുവദിച്ചിരിക്കുന്നത്. ഗോള്‍ഡ് കാര്‍ഡിന് പുറമെ അഞ്ച് വര്‍ഷം, പത്ത് വര്‍ഷം വീതമുള്ള ദീര്‍ഘകാല വിസകളും അനുവദിച്ചുതുടങ്ങിയിട്ടുണ്ട്. ഗോള്‍ഡ് കാര്‍ഡിന് അര്‍ഹരായവരുടെ മാത്രം യു എ ഇ യിലെ മൊത്തം നിക്ഷേപം 10,000 കോടി ദിര്‍ഹ (188280 കോടി രൂപ) ത്തില്‍ ഏറെയാണ്.
ഇരുനൂറിലേറെ രാജ്യക്കാര്‍ ജീവിക്കുന്ന യു എ ഇ യില്‍ ഇപ്പോഴുള്ളവരുടെ പുതിയ തലമുറയെക്കൂടി ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ദീര്‍ഘ കാല വിസകളും ഗോള്‍ഡ് കാര്‍ഡും അനുവദിച്ചിരിക്കുന്നത്. കൂടുതല്‍ നിക്ഷേപങ്ങലും പ്രതിഭകളും യു എ ഇ യിലേക്ക് ഇതുവഴി എത്തുമെന്നും ഭരണകൂടം പ്രതീക്ഷിക്കുന്നു.

വിനയത്തോടെയും വലിയ അഭിമാനത്തോടെയുമാണ് ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ ദിവസം ഈ നേട്ടം സ്വീകരിക്കുന്നതെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം. യൂസഫലി പറഞ്ഞു. കഴിഞ്ഞ 45 വര്‍ഷമായി യു എ ഇ തന്റെ വീടാണ്. 1973 ല്‍ യു എ ഇ തീരത്ത് വന്നിറങ്ങിയ അന്നുമുതല്‍ മറ്റെവിടേക്കും പോകാന്‍ ആഗ്രഹിച്ചിട്ടില്ല. സ്വപ്‌നം കാണാന്‍ കഴിഞ്ഞതിനേക്കാള്‍ കൂടുതല്‍ നേട്ടങ്ങള്‍ സമ്മാനിച്ച മഹത്തായ ഈ രാജ്യത്തിന് നന്ദി രേഖപ്പെടുത്തുകയാണ് അദ്ദേഹം പറഞ്ഞു.

യു എ ഇ യെ ലോകത്തെ ഏറ്റവും സുരക്ഷിതമായ സഹിഷ്ണുതയുള്ള വികസിത രാജ്യമാക്കി മാറ്റിയത് ഭരണാധികാരികളുടെ ദീര്‍ഘവീക്ഷണമാണ്. രാജ്യത്തിന്റെ വികസനത്തില്‍ നിര്‍ണായക പങ്കുവഹിച്ച നിക്ഷേപകര്‍ക്ക് സ്ഥിര താമസാനുമതി നല്‍കുന്ന ഗോള്‍ഡ് കാര്‍ഡ് ആഗോളതലത്തില്‍ വലിയ നിക്ഷേപകരെ ആകര്‍ഷിക്കുമെന്ന് ഉറപ്പുണ്ട്. ഇത് യു എ ഇ യില്‍ താമസിക്കുന്ന 200 രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്കുമുള്ള ബഹുമതിയായാണ് കാണുന്നത് എം എ യുസഫലി പറഞ്ഞു.

TAGS: M A Yusaf Ali |