ഭരണത്തുടർച്ച നേടി എൻഡിഎ ; മോദിക്ക് രണ്ടാമൂഴം

Posted on: May 23, 2019

ന്യൂഡൽഹി : ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ 346 സീറ്റുകളിൽ വ്യക്തമായ ലീഡ് നേടി വീണ്ടും അധികാരത്തിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു വൈകുന്നേരം 5.30 ന് ബിജെപി ആസ്ഥാനത്ത് എത്തും. തുടർന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യും. നാളെ കേന്ദ്രമന്ത്രിസഭ യോഗം ചേരും. പുതിയ മന്ത്രിസഭ ഞായറാഴ്ച അധികാരമേൽക്കും.

ബിജെപി സ്ഥാനാർത്ഥികൾ 296 സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്. ബിജെപി 2014 ൽ 282 സീറ്റുകളാണ് നേടിയിരുന്നത്. ബീഹാറും രാജസ്ഥാനും മധ്യപ്രദേശും ഡൽഹിയും ഗുജറാത്തും ബിജെപി തൂത്തുവാരി. ബിജെപി അധ്യക്ഷൻ അമിത് ഷാ യുടെ ലീഡ് രണ്ട് ലക്ഷം കടന്നു. മേനക ഗാന്ധി, നിതിൻ ഗഡ്ക്കരി, രാജ്‌നാഥ് സിംഗ് തുടങ്ങിയ കേന്ദ്രമന്ത്രിമാർ മികച്ച വിജയം നേടുമെന്ന് ഉറപ്പായി.

കർണാടകത്തിലെ 28 സീറ്റുകളിൽ 24 ലും കോൺഗ്രസ് ജെഡിയു സഖ്യം സ്ഥാനാർത്ഥികൾ പിന്നിലാണ്. തമിഴ്‌നാട്ടിൽ ഡിഎംകെ ആധിപത്യം നിലനിർത്തി. യുപിഎ 86 സീറ്റുകളിലും എസ് പി – ബി എസ് പി സഖ്യം 21 സീറ്റുകളിലും മറ്റുള്ളവർ 88 സീറ്റുകളിലും ലീഡ് തുടരുകയാണ്.