എം എ യൂസഫലി ഗൾഫിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരൻ

Posted on: October 26, 2014

Yusuffali-M-A-oct-26-2014-b

ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടികയിൽ തുടർച്ചയായി അഞ്ചാം തവണയും ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ പദ്മശ്രീ എം എ യൂസഫലി ഒന്നാമത്. ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികളുമായും രാജകുടുംബാംഗങ്ങളുമായുള്ള വ്യക്തിപരമായ അടുപ്പവും റീട്ടെയ്ൽ വ്യാപാരമേഖലയിലെ ശക്തമായ സാന്നിധ്യവുമാണ് അറേബ്യൻ ബിസിനസ് മാസിക തയാറാക്കിയ പട്ടികയിൽ അഞ്ചാം പ്രാവശ്യവും ഒന്നാം സ്ഥാനം നിലനിർത്താൻ യൂസഫലിക്ക് സഹായകമായത്. കഴിഞ്ഞ ജൂണിൽ നടന്ന അബുദാബി ചേംബർ ഡയറക്ടർ ബോർഡിലേക്കുള്ള തെരഞ്ഞെടുപ്പിലും എം എ യൂസഫലി ഹാട്രിക് വിജയം നേടിയിരുന്നു.

രാജ്യാന്തര ഓഡിറ്റ് സ്ഥാപനമായ ഡിലോയിന്റെ റിപ്പോർട്ട് പ്രകാരം ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന പത്തു റീട്ടെയ്ൽ സ്ഥാപനങ്ങളിലൊന്നാണ് ലുലു ഗ്രൂപ്പ്. 520 കോടി ഡോളർ വിറ്റുവരവുള്ള ഗ്രൂപ്പ്, ഡിസംബറിൽ ബ്രസീലിലും തുർക്കിയിലും റീജണൽ ഓഫീസുകൾ തുറക്കും. മലേഷ്യയിലും ഇന്തോനേഷ്യയിലും അടുത്ത വർഷം ലുലു ഗ്രൂപ്പ് ഹൈപ്പർമാർക്കറ്റുകൾ ആരംഭിക്കും.

കച്ചവടത്തിനായി ഇന്ത്യയിൽ വന്ന് പിന്നീട് ലോകം കീഴടക്കിയ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പത്തു ശതമാനം ഓഹരി ലുലു ഗ്രൂപ്പ് എംഡി യൂസഫലി നേടിയത് വാർത്തകളിൽ നിറഞ്ഞിരുന്നു. ഫോർബ്‌സ് മാസിക പുറത്തിറക്കിയ ആഗോള സമ്പന്നരുടെ പട്ടികയിലും എം എ യൂസഫലി ഇടംപിടിച്ചിരുന്നു. 32 രാജ്യങ്ങളിലായി 31,0000 ൽപ്പരം ജീവനക്കാരുള്ള ലുലു ഗ്രൂപ്പ് ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവും അധികം ഇന്ത്യക്കാർ ജോലി ചെയ്യുന്ന സ്ഥാപനം കൂടിയാണ്.

ആർ പി ഗ്രൂപ്പ് ചെയർമാൻ രവി പിള്ളയാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. ഇഫ്‌കോ ഗ്രൂപ്പ് ചെയർമാൻ ഫിറോസ് അല്ലാന, ദുബായിലെ പ്രമുഖ നിയമകാര്യ വിദഗ്ധനായ ആശിഷ് മെഹ്ത, എൻഎംസി ഗ്രൂപ്പ് ചെയർമാൻ ഡോ. ബി. ആർ. ഷെട്ടി എന്നിവരാണ് യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്. സുലേഖ ഹോസ്പിറ്റൽ ഗ്രൂപ്പ് സ്ഥാപകയായ ഡോ. സുലേഖ ദൗദാണ് പട്ടികയിൽ ഇടംപിടിച്ച ഏക വനിത. 29 ാം സ്ഥാനത്താണ് ഡോ. സുലേഖ.