സ്മാർട്ട്‌സിറ്റിക്ക് പൂർണ പാരിസ്ഥിതികാനുമതി

Posted on: October 22, 2014

Smartcity-Kochi-master-plan

സ്മാർട്ട് സിറ്റി കൊച്ചിയുടെ 246 ഏക്കറിലെ പദ്ധതിക്കും സമ്പൂർണ പാരിസ്ഥിതികാനുമതി. 88 ലക്ഷം ചതുരശ്രയടി നിർമാണത്തിനൊപ്പം വലിയൊരു ഭാഗം തുറസായ സ്ഥലങ്ങളും ഉൾപ്പെടുന്നതാണ് കൊച്ചി സ്മാർട്ട് സിറ്റി പദ്ധതി. 6.5 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള ആദ്യ ഐടി ടവർ എസ് സി കെ 01 ന്റെ ഉദ്ഘാടനം 2015 മാർച്ചിൽ നടത്താനാവുമെന്ന് കരുതുന്നതായി സ്മാർട്ട് സിറ്റി കൊച്ചി സിഇഒ ജിജോ ജോസഫ് പറഞ്ഞു.

നിർമാണം പൂർത്തിയാകുമ്പോൾ ലീഡ് പ്ലാറ്റിനം റേറ്റിംഗുള്ള രാജ്യത്തെ ഏറ്റവും വലിയ ഐടി ബിൽഡിംഗുകളിലൊന്നാകാനാണ് എസ് സി കെ 01 ലക്ഷ്യിമിടുന്നത്. ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്‌നോളജി, മീഡിയ, ഫിനാൻസ്, റിസേർച്ച്, ആൻഡ് ഇന്നവേഷൻ ക്ലസ്റ്ററുകളിലായി ഇന്ത്യയിലും വിദേശത്തു നിന്നുമുള്ള സ്ഥാപനങ്ങളാണ് എസ് സി കെ 01 ലേക്ക് എത്തുന്നത്. ഐടി, റിയലിട്ടി, വിദ്യാഭ്യാസം, ഹോസ്പിറ്റാലിറ്റി മേഖലകളിലെ പ്രമുഖ സ്ഥാപനങ്ങളുമായി സംയുക്തസംരംഭങ്ങൾ ആരംഭിക്കാൻ സ്മാർട്ട് സിറ്റി ധാരണയിലെത്തിയിട്ടുണ്ട്.

2013 ൽ എസ് സി കെ 01 ന് പാരിസ്ഥിതികാനുമതി ലഭിച്ചതിനെ തുടർന്നാണ് സമ്പൂർണ പദ്ധതിക്കുമുള്ള പാരിസ്ഥിതികാനുമതിക്ക് അപേക്ഷിച്ചത്. അതേ തുടർന്നാണ് സ്റ്റേറ്റ് എക്‌സ്‌പേർട്ട് അപ്രൈസൽ കമ്മിറ്റിയുടെ ശിപാർശയിൻമേൽ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലുള്ള സ്റ്റേറ്റ് എൻവയോൺമെന്റ് അസസ്‌മെന്റ് അഥോറിട്ടിയുടെ അനുമതി ലഭിച്ചിട്ടുള്ളതെന്ന് ജിജോ ജോസഫ് വിശദീകരിച്ചു.