ചരിത്രവിജയം രചിച്ച് ബിജെപി

Posted on: October 19, 2014

BJP-Victory-big

മഹാരാഷ്ട്രയിലും ഹരിയാനയിലും ചരിത്രവിജയം രചിച്ച് ബിജെപി. ഹരിയാനയിൽ സ്വന്തം നിലയ്ക്കു ഭരണം ഉറപ്പിച്ചപ്പോൾ മഹാരാഷ്ട്രയിൽ പഴയ സഖ്യകക്ഷിയായ ശിവസേനയെ കൂടെകൂട്ടാനുള്ള പുറപ്പാടിലാണ്. എൻസിപി പിന്തുണ അറിയിച്ചിട്ടുണ്ടെങ്കിലും ശിവസേനയുമായുള്ള സഖ്യത്തിനാണ് ആർഎസ്എസ് നേതൃത്വം അനുമതി നൽകിയിട്ടുള്ളത്. എൽ കെ അദ്വാനിയും ബിജെപി-സേന സഖ്യത്തിനാണ് താത്പര്യം പ്രകടിപ്പിച്ചത്.

ബിജെപിയുടേത് ചരിത്രപരമായ വിജയമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. മോദി തരംഗമെന്നാണ് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ തെരഞ്ഞെടുപ്പു വിജയത്തെ വിശേഷിപ്പിച്ചത്. ബിജെപി മുഖ്യമന്ത്രി മഹാരാഷ്ട്ര ഭരിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.

288 അംഗ മഹാരാഷ്ട്ര നിയമസഭയിൽ 123 സീറ്റുകളിൽ ബിജെപി വിജയിച്ചു. ശിവസേന 62 സീറ്റുകളിൽ വിജയിച്ചു. കോൺഗ്രസ് 43 സീറ്റുകളിലും എൻസിപി 41 സീറ്റിലും വിജയിച്ചു. രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമാൺ സേനയ്ക്ക് ഒരു സീറ്റിൽ മാത്രമാണ് വിജയിക്കാനായത്. മറ്റുപാർട്ടികൾക്ക് 19 സീറ്റ് ലഭിച്ചു.

ശിവസേനയെ അനുനയിപ്പിക്കാൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്ക്കരിയും ബിജെപി സംസ്ഥാന അധ്യക്ഷൻ ദേവേന്ദ്ര ഫട്‌നാവിസും ശ്രമം തുടങ്ങിയിട്ടുണ്ട്. അതേസമയം ബിജെപിക്കു വേണമെങ്കിൽ എൻസിപിയുടെ പിന്തുണ സ്വീകരിക്കാമെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ അഭിപ്രായപ്പെട്ടു. ദേവേന്ദ്ര ഫട്‌നാവിസ്, പങ്കജ മുണ്ടെ, കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ തുടങ്ങിയ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്കു ബിജെപി പരിഗണിക്കുന്നത്.

ഹരിയാനയിൽ ബിജെപി 47 സീറ്റുകളിൽ വിജയിച്ചു. ബിജെപിയുടെ വിജയം പത്തുവർഷത്തെ കോൺഗ്രസ് ഭരണത്തിനാണ് വിരാമമിട്ടത്. ഐഎൻഎൽഡി 19 സീറ്റിലും കോൺഗ്രസ് 15 സീറ്റിലും എച്ച്‌ജെസി 2 സീറ്റിലും വിജയിച്ചു. ഹരിയാനയിൽ നിരവധി മുഖ്യമന്ത്രി സ്ഥാനമോഹികൾ ബിജെപിയിലുണ്ട്.