ശിവസേനയുടെ നിലപാട് നിർണായകം

Posted on: October 19, 2014

Uddhav-Thakare-big

മഹാരാഷ്ട്രയിൽ മന്ത്രിസഭ രൂപീകരണത്തിൽ ശിവസേനയുടെ നിലപാട് നിർണായകമാകും. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിറകെ മോദി തരംഗമില്ലെന്ന് ഉദവ് താക്കറെ ആവർത്തിച്ചു. ശിവസേനയോട് വിരോധമില്ലെന്ന് ബിജെപി മഹാരാഷ്ട്ര അധ്യക്ഷൻ ദേവേന്ദ്ര ഫട്‌നാവിസും വ്യക്തമാക്കി.

മഹാരാഷ്ട്രയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയാണെങ്കിലും ബിജെപിയുടെ ലീഡ് നില 115-117 നിലയിൽ മാറിമറിയുകയാണ്. ശിവസേനയ്ക്ക് 59 മണ്ഡലങ്ങളിലും ലീഡുണ്ട്. കേവല ഭൂരിപക്ഷത്തിനു 145 സീറ്റുകൾ വേണം. ചെറുകക്ഷികളെ ഒപ്പം ചേർത്താൽ പോലും 140 പേരുടെ പിന്തുണയെ ലഭിക്കുകയുള്ളു. പ്രതിപക്ഷത്തിരിക്കാമെന്ന നിലപാടിലാണ് എൻസിപി.

അതേസമയം ശിവസേനയുമായി കൈകോർക്കാൻ ആർഎസ്എസ് നേതാവ് വൈദ്യ ബിജെപി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിതിൻ ഗഡ്ക്കരി, ബിജെപി സംസ്ഥാന അധ്യക്ഷൻ ദേവേന്ദ്ര ഫട്‌നാവിസ്, ഒ.പി. മാഥൂർ തുടങ്ങിയ നേതാക്കൾ ഉദവ് താക്കറെയുമായി വൈകാതെ കൂടിക്കാഴ്ച നടത്തും.

ശിവസേനയുമായി അടുപ്പം പുലർത്തിയിരുന്നു ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെയുടെ മകൾ പങ്കജ മുണ്ടെയെ മുഖ്യമന്ത്രിയാക്കുക, ശിവസേനയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം, നാലോ അഞ്ചോ കാബിനറ്റ് മന്ത്രിസ്ഥാനം തുടങ്ങിയവയാണ് പിന്തുണ നൽകാൻ ശിവസേന മുന്നോട്ടുവച്ചേക്കാവുന്ന ഡിമാൻഡുകൾ.