ഹർത്താൽ അക്രമം സംസ്ഥാനത്ത് 266 പേർ അറസ്റ്റിൽ

Posted on: January 3, 2019

തിരുവനന്തപുരം : ശബരിമല സ്ത്രീ പ്രവേശനത്തിൽ പ്രതിഷേധിച്ച് ശബരിമല കർമ്മസമിതി ആഹ്വാനം ചെയ്ത ഹർത്താലിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് വ്യാപക ആക്രമം. 266 പേരെ പോലീസ് അറസ്റ്റ് ചെയ്തു. മാധ്യമപ്രവർത്തകർക്ക് നേരെയും ആക്രമണമുണ്ടായി. വാടാനപ്പള്ളിയിൽ 3 ബിജെപി പ്രവർത്തകർക്ക് കുത്തേറ്റു. ആക്രമികളെ പിരിച്ചുവിടാൻ പലയിടത്തും പോലീസ് ലാത്തിവീശി.

തിരുവനന്തപുരത്ത് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ച രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പൈലറ്റ് വാഹനമിടിച്ച് പരിക്കേറ്റു. കെഎസ്ആർടിസിയുടെ നൂറ് ബസുകൾക്ക് നേരെ കല്ലേറുണ്ടായി. 3.35 ലക്ഷം നഷ്ടം ഉണ്ടായതായി കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ ടോമിൻ തച്ചങ്കരി പറഞ്ഞു.

പാലക്കാട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണമുണ്ടായി.വിക്‌ടോറിയ കോളജ് ഹോസ്റ്റിലിന് മുന്നിൽ ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായി. തലശേരിയിൽ ബോംബേറുണ്ടായി. കോഴിക്കോട് മിഠായി തെരുവിൽ 10 കടകൾ അടിച്ചുതകർത്തു. ഹർത്താൽ അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ബ്രോക്കൺ വിൻഡോ എന്ന പേരിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു.

TAGS: BJP | Harthal |