റിലയൻസിന് രണ്ടാം ക്വാർട്ടറിൽ 1.7 % അറ്റാദായ വളർച്ച

Posted on: October 14, 2014

Mukesh-Amabni-with-Reliance

റിലയൻസ് ഇൻഡസ്ട്രീസിന് സെപ്റ്റംബർ 30 ന് അവസാനിച്ച രണ്ടാം ക്വാർട്ടറിൽ 1.7 ശതമാനം അറ്റാദായ വളർച്ച. അറ്റാദായം മുൻ വർഷം ഇതേകാലയളവിലെ 5,873 കോടിയിൽ നിന്ന് 5,972 കോടിയായി വർധിച്ചു. റിഫൈനിംഗ് മാർജിൻ ബാരലിന് 7.7 ഡോളറിൽ നിന്ന് 8.3 ഡോളറായി വർധിച്ചു.

ജൂലൈ-സെപ്റ്റംബർ ക്വാർട്ടറിൽ ടേണോവർ 4.3 ശതമാനം കുറഞ്ഞ് 113,396 കോടിയായി. ക്രൂഡോയിൽ വില കുറഞ്ഞതാണ് പ്രധാന കാരണം. കയറ്റുമതി വരുമാനം മുൻവർഷം ഇതേകാലയളവിലെ 77, 428 കോടിയിൽ നിന്ന് 14.7 ശതമാനം കുറഞ്ഞ് 66,065 കോടിയായി. പെട്രോകെമിക്കൽ വരുമാനം 2361 കോടിയായി.

പെട്രോകെമിക്കൽ ഉത്പാദനം വർധിപ്പിക്കാൻ റിലയൻസ് 16 ബില്യൺ ഡോളർ മുതൽമുടക്കും. ഇന്റഗ്രേറ്റഡ് ഗ്യാസിഫിക്കേഷൻ കമ്പൈൻഡ് സൈക്കിൾ പ്രോജക്ടിനായി 4.6 ബില്യൺ ഡോളറും റിഫൈനറി ഓഫ്ഗ്യാസ് ക്രാക്കർ പദ്ധതിക്കായി 4.5 ബില്യൺ ഡോളറും ഇഥേൻ ഇറക്കുമതിക്കായി 1.5 ബില്യൺ ഡോളറും റിലയൻസ് ചെലവഴിക്കും. ഈ പദ്ധതികൾ 2017-18 ധനകാര്യവർഷം പൂർത്തിയാകുമെന്നും മുകേഷ് അംബാനി പറഞ്ഞു.

ടെലികോം മേഖലയിൽ 4ജി സേവനങ്ങൾ നൽകാൻ റിലയൻസ് 11.7 ബില്യൺ ഡോളർ ചെലവഴിക്കും. റീട്ടെയ്ൽ രംഗത്ത് 20 ശതമാനം വളർച്ച കൈവരിച്ചു. റീട്ടെയ്ൽ വിപണിയുടെ ഭാഗമായി ഇ-കൊമേഴ്‌സ് രംഗത്തേക്കുള്ള വൈവിധ്യവത്കരണം പരിഗണനയിലുണ്ടെന്ന് റിലയൻസ് ചീഫ് ഫിനാൻഷ്യൽ ഓഫീസർ അലോക് അഗർവാൾ പറഞ്ഞു.