കേരളം കരയറുന്നു ; ഗതാഗതം സാധാരണനിലയിലേക്ക്

Posted on: August 20, 2018

തിരുവനന്തപുരം : പ്രളയദുരന്തത്തിൽ നിന്ന് കേരളം കരയറുന്നു. സംസ്ഥാനത്തെ ഗതാഗതം സാധാരണനിലയിലേക്ക് നീങ്ങിത്തുടങ്ങി. പ്രളയദുരന്തത്തെക്കുറിച്ച് ചർച്ചചെയ്യാൻ നാളെ സർവകക്ഷിയോഗം ചേരും. പൂഴ്ത്തിവെയ്പ്പും കൃത്രിമവിലക്കയറ്റവും കർശനമായി നേരിടുമെന്ന് സർക്കാർ വ്യാപാരികൾക്ക് മുന്നറിയിപ്പ് നൽകി. പകർച്ചവ്യാധികൾ തടയാൻ ആരോഗ്യവകുപ്പ് നടപടികൾ സ്വീകരിച്ചുവരുന്നു.

ചെങ്ങന്നൂരിലും പറവൂരിലും ഇനിയും നൂറുകണക്കിനാളുകൾ കുടുങ്ങിക്കിടപ്പുണ്ട്. ഹെലികോപ്ടർ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം ഇന്നും തുടരും. പറവൂർ കുത്തിയതോട് പള്ളിമതിൽ തകർന്ന മരിച്ച നാലുപേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തി. ആറ് പേരാണ് അപകടത്തിൽ മരിച്ചത്.

ഷോളയാർ ഡാമിൽ 8 കെഎസ്ഇബി ഉദ്യോഗസ്ഥർ കുടുങ്ങി. ഇവരെ ഹെലികോപ്ടർ ഉപയോഗിച്ച് രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പെരിങ്ങൽകുത്ത് ഡാമിനോടു ചേർന്നുള്ള റോഡുകൾ തകർന്നു. ഡാമിൽ കുടുങ്ങിക്കിടക്കുന്ന വൻ മരങ്ങൾ മുറിച്ചുനീക്കാൻ കോഴിക്കോടു നിന്നും ഖലാസികൾ എത്തി. ഇടുക്കിയിലെ ജലനിരപ്പ് 2,401.80 അടിയായി. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 140 അടിയായി.

സംസ്ഥാനത്തെ ട്രെയിൻ ഗതാഗതം സാധാരണനിലയിലായി. തൃശൂർ – ഷൊർണ്ണൂർ പാതയിൽ അല്പസമയത്തിനുള്ളിൽ ട്രയൽ റൺ നടക്കും. തൃശൂർ – എറണാകുളം പാതയിൽ വൈകുന്നേരത്തോടെ ട്രയൽറൺ നടത്തും. ഇതോടെ ട്രെയിൻ ഗതാഗതം പൂർണമായും പുനസ്ഥാപിക്കാനാകും.

ദേശീയപാത വഴിയുള്ള കെഎസ്ആർടിസി സർവീസ് ഇന്നലെ പുനരാരംഭിച്ചിരുന്നു. എംസി റോഡ് വഴിയുള്ള ദീർഘദൂര സർവീസുകൾ ഇന്ന് ആരംഭിച്ചു. പത്തനംതിട്ടയിൽ നിന്ന് അടൂർ, കോട്ടയം, തിരുവനന്തപുരം റൂട്ടുകളിൽ സർവീസ് തുടങ്ങി. ഇടുക്കി ജില്ലയിലേക്കുള്ള സർവീസുകൾ മാത്രമാണ് ഇപ്പോൾ തടസപ്പെട്ടിട്ടുള്ളത്. ഡീസൽ ക്ഷാമം സർവീസിനെ ബാധിച്ചേക്കുമെന്ന് സൂചനയുണ്ട്.

എയർ ഇന്ത്യ കൊച്ചിയിൽ നിന്ന് ബംഗലുരുവിലേക്കും കോയമ്പത്തൂരിലേക്കും ചെറുവിമാനങ്ങൾ ഉപയോഗിച്ച് സർവീസ് തുടങ്ങി. വൈകുന്നേരം അഞ്ചു വരെയാണ് നാവിക വിമാനത്താവളത്തിൽ നിന്നും വിമാനസർവീസുകൾ നടത്തുന്നത്. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും വെള്ളം പുറത്തേക്ക് പമ്പുചെയ്തുകൊണ്ടിരിക്കുകയാണ്. എന്നാൽ വിമാനത്താവളത്തിന്റെ പ്രവർത്തനം എന്ന് പുനരാരംഭിക്കാനാകുമെന്ന് ഇപ്പോഴും പറയാറായിട്ടില്ല.

TAGS: Kerala Floods |