ദുരിതാശ്വാസ ക്യാമ്പിൽ രണ്ടേകാൽ ലക്ഷം പേർ

Posted on: August 17, 2018

തിരുവനന്തപുരം : സംസ്ഥാനത്തെ 1568 ദുരിതാശ്വാസ ക്യാമ്പുകളിൽ രണ്ടേകാൽ ലക്ഷം ആളുകൾ കഴിയുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒറ്റപ്പെട്ടു കഴിയുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ഊർജിതമാണെന്നും അദേഹം പറഞ്ഞു. ഓഗസ്റ്റ് 8 മുതൽ ഇതേവരെ 170 പേർക്ക് പ്രളയക്കെടുതിയിൽ ജീവൻ നഷ്ടമായി.

ചാലക്കുടിയിൽ 3, എറണാകുളത്ത് 5, പത്തനംതിട്ടയിൽ 1, ആലപ്പുഴയിൽ ഒന്നും വീതം ഹെലികോപ് ടറുകൾ രക്ഷാപ്രവർത്തനങ്ങൾ നടത്തിവരുന്നു. പത്തനംതിട്ടയിലും ആലപ്പുഴയിലും രണ്ട് ഹെലികോപ്ടറുകൾ വീതം എത്തും. തൃശൂർ, ചാലക്കുടി, ആലുവ, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ കൂടുതൽ ബോട്ടുകൾ എത്തിക്കാൻ സാധിച്ചിട്ടുണ്ട്.

സൈന്യത്തിന്റെ 16 ടീമുകൾ രംഗത്തുണ്ട്. നാവികസേനയുടെ 13 ടീമുകൾ തൃശൂരും 10 ടീമുകൾ വയനാട്ടിലും നാല് ടീമുകൾ ചെങ്ങന്നൂരും 12 ടീമുകൾ ആലുവയിലും 3 ടീമുകൾ പത്തനംതിട്ടയിലും പ്രവർത്തിക്കുന്നുണ്ട്. കോസ്റ്റ് ഗാർഡ് 28 കേന്ദ്രങ്ങൡ രക്ഷാപ്രവർത്തനങ്ങൡ പങ്കെടുക്കുന്നുണ്ട്.

എൻഡിആർഎഫിന്റെ 39 ടീമുകൾ ഇപ്പോൾ രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. 14 ടീമുകൾ കൂടി ഉടനെ എത്തും.ഹെലികോപ്ടറുകൾ വഴി ഭക്ഷണവും വെള്ളവും വിതരണം ചെയ്യുന്നുണ്ട്. കേന്ദ്രസർക്കാരിന്റെ ഭക്ഷ്യസംസ്‌കരണവിഭാഗം ഒരു ലക്ഷം ഭക്ഷണപാക്കറ്റുകൾ എത്തിക്കും. ഡിആർഡിഒ യും ഭക്ഷണപാക്കറ്റുകൾ നൽകും.

TAGS: Kerala Floods |