കേരളം വീണ്ടും പ്രളയക്കെടുതിയിൽ ; ഇന്നു മാത്രം ആറ് മരണം

Posted on: August 15, 2018

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്നു. ഇന്നു മാത്രം ആറ് മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വയനാട്, കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, ഇടുക്കി, എറണാകുളം തുടങ്ങി 12 ജില്ലകളിൽ നാളെ വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. അപ്പർ കുട്ടനാടും വെള്ളത്തിനടിയിലാണ്. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ റവന്യു മന്ത്രി ചന്ദ്രശേഖരൻ ആലുവയിലേക്ക് തിരിച്ചു.

ഭാരതപ്പുഴ, പമ്പയാർ ഉൾപ്പടെ സംസ്ഥാനത്തെ നദികളെല്ലാം കരകവിഞ്ഞ് ഒഴുകുകയാണ്. 33 ഡാമുകൾ തുറന്നു വിട്ടിരിക്കുകയാണ്. ഇടുക്കിയിൽ ജലനിരപ്പ് ഉയരുകയാണ്. ജലനിരപ്പ് 2,398.36 അടിയായി.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 142 അടിയിലേക്ക് അടുക്കുകയാണ്. ഡാമിന്റെ സ്പിൽവേയുടെ 13 ഷട്ടറുകളും തുറന്നു. പെരിയാർ തീരത്ത് കനത്തജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

മുതിരപ്പുഴയാർ കരകവിഞ്ഞതിനെ തുടർന്ന് മൂന്നാർ പൂർണമായും ഒറ്റപ്പെട്ടു. കൊച്ചി – ധനുഷ്‌ക്കോടി ദേശീയപാതയിൽ പലയിടത്തും മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. തിരുവനന്തപുരം നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്.

ആതിരപ്പള്ളിയിൽ വിനോദസഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തി. വാൽപ്പാറ റൂട്ടിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. എറണാകളത്ത് മാത്രം 40 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ശബരിമല ഒറ്റപ്പെട്ടു. പട്ടാമ്പി പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു.

TAGS: Kerala Floods |