യെദ്യൂരപ്പ ഡൽഹിയിലേക്ക് ; ബിജെപിക്ക് 114 സീറ്റിൽ ലീഡ്

Posted on: May 15, 2018

ബംഗലുരു : കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ 114 സീറ്റുകളിൽ ലീഡ് നേടിയ ബിജെപി മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ ഇന്നു വൈകുന്നേരം യോഗം ചേരും. 2013 ലെ 40 സീറ്റുകളിൽ നിന്നാണ് 2018 ൽ ബിജെപി 113 സീറ്റുകളിൽ ലീഡ് നേടിയത്. ഫലം പ്രഖ്യാപിച്ച രണ്ട് സീറ്റുകളിൽ ബിജെപി വിജയിച്ചു. യെദ്യൂരപ്പ മുഖ്യമന്ത്രിയാകുമെന്ന് കേന്ദ്രമന്ത്രി സദാനന്ദഗൗഡ പ്രഖ്യാപിച്ചു. ഇതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിക്കാൻ ബി.എസ്. യെദ്യൂരപ്പ ഡൽഹിക്ക് പോകും.

കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, രവിശങ്കർ പ്രസാദ് എന്നിവർ കർണാടകത്തിലെ ബിജെപി നേതാക്കളെ അഭിനന്ദിച്ചു. കെ.എസ്. ഈശ്വരപ്പ, ജി. കരുണാകര റെഡി, ആർ. അശോക് തുടങ്ങിയ പ്രമുഖ ബിജെപി നേതാക്കൾ വിജയിച്ചു.