പൊതുമേഖലാ ബാങ്കുകളുടെ 39 വിദേശ ശാഖകൾ അടച്ചുപൂട്ടുന്നു

Posted on: March 2, 2018

ന്യൂഡൽഹി : പൊതുമേഖലാ ബാങ്കുകളുടെ ലാഭകരമല്ലാത്ത 39 വിദേശശാഖകൾ അടച്ചുപൂട്ടുന്നു. മറ്റ് 69 ശാഖകൾ നിരീക്ഷണത്തിലാണെന്ന് കേന്ദ്ര ധനകാര്യസെക്രട്ടറി രാജീവ്കുമാർ പറഞ്ഞു. സംയുക്തസംരംഭങ്ങൾ, സബ്‌സിഡയറികൾ, റെമിറ്റൻസ് കേന്ദ്രങ്ങൾ, പ്രതിനിധി ഓഫീസുകൾ തുടങ്ങിയവ ഉൾപ്പടെയാണിത്. ഇത്തരത്തിൽ 216 വിദേശ ഓഫീസുകളാണ് പൊതുമേഖലാസ്ഥാപനങ്ങൾക്കുള്ളത്.

സുതാര്യവും പ്രതിബദ്ധതയുള്ളതുമായ ബാങ്കിംഗ് സംവിധാനത്തിന് വേണ്ടിയാണ് ഇത്തരം നടപടികളെന്ന് അദേഹം വ്യക്തമാക്കി. പഞ്ചാബ് നാഷണൽ ബാങ്കിൽ 13000 കോടിയിലേറെ രൂപയുടെ വായ്പാ തട്ടിപ്പ് പുറത്തുവന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ കർശന നടപടികളിലേക്ക് നീങ്ങുന്നത്.