പൊതുമേഖല ബാങ്കുകൾ 58,000 കോടിയുടെ മൂലധനസമാഹരണത്തിന് ഒരുങ്ങുന്നു

Posted on: June 4, 2017

ന്യൂഡൽഹി : പൊതുമേഖലാ ബാങ്കുകൾ നടപ്പ് സാമ്പത്തികവർഷം 58,000 കോടി രൂപയുടെ മൂലധനസമാഹരണം നടത്തും. ബാസൽ – 3 മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായാണ് മൂലധനസമാഹരണം. എസ് ബി ഐ 15,000 കോടി രൂപയാണ് സമാഹരിക്കാൻ ഒരുങ്ങുന്നത്. അനുയോജ്യരായ നിക്ഷേപസ്ഥാപനങ്ങൾക്ക് ഓഹരിനൽകാനാണ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നീക്കം.

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ (6500 കോടി), ബാങ്ക് ഓഫ് ബറോഡ (6000 കോടി), ഐഡിബിഐ (5000 കോടി), ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സ് (5000 കോടി), യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ (4,950 കോടി), കോർപറേഷൻ ബാങ്ക് (3,500 കോടി), സിൻഡിക്കേറ്റ് ബാങ്ക് (3,500 കോടി), ബാങ്ക് ഓഫ് മഹാരാഷ്ട്ര (2000 കോടി) തുടങ്ങിയ മറ്റ് പൊതുമേഖലാ ബാങ്കുകളും മൂലധനം കണ്ടത്തേണ്ടതുണ്ട്.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ പൊതുമേഖലാ ബാങ്കുകളിൽ സർക്കാർ 50,000 കോടിയുടെ മൂലധനനിക്ഷേപം നടത്തിയിരുന്നു. ഈ വർഷത്തെ ബജറ്റിൽ പൊതുമേഖലാ ബാങ്കുകൾക്കായി 10,000 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.