കാർഷിക, ആരോഗ്യ മേഖലകൾക്ക് ഊന്നൽ ; ഓഹരിനിക്ഷേപത്തിന് നികുതി

Posted on: February 1, 2018

ന്യൂഡൽഹി : കാർഷിക, ആരോഗ്യ മേഖലകൾക്ക് ഊന്നൽ നൽകി ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു. 2020 ടെ കർഷകരുടെ വരുമാനം ഇരിട്ടിയാക്കും. ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹിക പദ്ധതികൾക്ക് 1.35 ലക്ഷം കോടി രൂപ നീക്കിവെച്ചു. മുദ്ര പദ്ധതിയിൽ മൂന്ന് ലക്ഷം കോടി രൂപ വായ്പ നൽകും. 10 കോടി കുടുംബങ്ങൾക്ക് പ്രതിവർഷം 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന സാമൂഹ്യസുരക്ഷ പദ്ധതി പ്രഖ്യാപിച്ചു.

ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്കുള്ള കോർപറേറ്റ് ടാക്‌സ് 25 ശതമാനമായി കുറച്ചു. ഒരു ലക്ഷം രൂപയ്ക്ക് മേലുള്ള ഓഹരി നിക്ഷേപത്തിൽ നിന്നുള്ള മൂലധന നേട്ടത്തിന് 10 ശതമാനം നികുതി ഏർപ്പെടുത്തി.  എന്നാൽ ആദായനികുതി സ്ലാബിലും നിരക്കിലും മാറ്റം വരുത്തിയില്ല. മെഡിക്കൽ റീഇംമ്പേഴ്‌സ്‌മെന്റ് 40,000 രൂപയാക്കി. ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ മുതിർന്ന പൗരൻമാർക്ക് 50,000 രൂപയുടെ ഇളവ്.

കാർഷിക വായ്പ 11 ലക്ഷം കോടിയാക്കി. പുതിയ 42 അഗ്രിപാർക്കുകൾ തുടങ്ങും. കാർഷിക വളർച്ചയ്ക്ക് ഓപറേഷൻ ഗ്രീൻ പദ്ധതി. കൂടുതൽ ഗ്രാമീണ ചന്തകൾ തുടങ്ങും. മുള അധിഷ്ഠിത വ്യവസായങ്ങൾക്ക് 1290 കോടി രൂ. ഫാർമർ പ്രൊഡ്യൂസിംഗ് കമ്പനികളുടെ നികുതിഘടന പരിഷ്‌കരിക്കും. കാർഷികോത്പന്ന കമ്പനികൾക്ക് അഞ്ച് വർഷത്തേക്ക് നികുതിയില്ല.

കശുവണ്ടി ഇറക്കുമതി തീരുവ 5 ശതമാനത്തിൽ നിന്ന് 2.5 ശതമാനമായി കുറച്ചു. മൊബൈൽ ഫോണിന്റെ കസ്റ്റംസ് തീരുവ കൂട്ടി. പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരിവില്പനയിലൂടെ 80,000 കോടി സമാഹരിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ബിറ്റ്‌കോയിൻ ഉൾപ്പടെയുള്ള ക്രിപ്‌റ്റോകറൻസികൾക്ക് വിലക്ക് ഏർപ്പെടുത്തി.

50 ലക്ഷം പേർക്ക് 2020 ടെ തൊഴിൽ നൽകും. ഗ്രാമീണ മേഖലയിൽ 5 ലക്ഷം പുതിയ വൈഫൈ ഹോട്ട്‌സ്‌പോട്ടുകൾ. ഇതിനായി 10,000 കോടി രൂപ. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് ദേശീയ പദ്ധതി. ഈ വർഷം 9,000 കിലോമീറ്റർ ദേശീയപാത പൂർത്തിയാക്കും. 56 വിമാനത്താവളങ്ങളെ പരസ്പരം ബന്ധിപ്പിക്കും.

അഞ്ച് വർഷത്തിലൊരിക്കൽ എംപിമാരുടെ ശമ്പളം പരിഷ്‌കരിക്കും. രാഷ്ട്രപതിയുടെ ശമ്പളം അഞ്ച് ലക്ഷം രൂപയായും ഉപരാഷ്ടപതിക്ക് നാല് ലക്ഷവും ഗവർണർമാർക്ക് മൂന്നരലക്ഷം രൂപയായും ശമ്പളം നിജപ്പെടുത്തി.

ഫിഷറീസ് ആൻഡ് അക്വ ഡെവലപ്‌മെന്റ് ഫണ്ട് തുടങ്ങും. 1,000 കോടിയുടെ ഫിഷറീസ് ഫണ്ട്. മത്സ്യബന്ധനത്തിനും ശുദ്ധജലമത്സ്യകൃഷിക്കും 10,000 കോടി രൂപ. കിസാൻ ക്രെഡിറ്റ് കാർഡ് മത്സ്യബന്ധന, മൃഗസംരക്ഷണ മേഖലകളിലേക്കു കൂടി വ്യാപിപ്പിച്ചു.