ഇക്‌ണോമിക് സർവേ ഇന്ന് പാർലമെന്റിൽ

Posted on: January 29, 2018

ന്യൂഡൽഹി : ബജറ്റിന് മുന്നോടിയായി ഇക്‌ണോമിക് സർവേ റിപ്പോർട്ട് കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റ്‌ലി ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും. ഫെബ്രുവരി ഒന്നിന് ആണ് കേന്ദ്രബജറ്റ്. മുഖ്യ സാമ്പത്തികോപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യൻ ആണ് സാമ്പത്തിക സർവേ റിപ്പോർട്ട് തയാറാക്കുന്നത്. ജനപ്രിയ പദ്ധതികളിലൂടെ വളർച്ചാരംഗത്ത് കുതിച്ചുച്ചാട്ടം സാധ്യമാക്കുന്ന കർമ്മപദ്ധതികളാണ് സർക്കാരിന്റെ ലക്ഷ്യം. ജിഡിപിയിൽ നിർമാണമേഖലയുടെ പങ്ക് ഇപ്പോൾ ഏതാണ്ട് 16 ശതമാനാണ്. ഇത് 25 ശതമാനമായി വർധിപ്പിക്കാനാണ് ഗവൺമെന്റ് നിഷ്‌ക്കർഷിച്ചിട്ടുള്ളത്.

അടുത്ത വർഷം പൊതുതെരഞ്ഞെടുപ്പ് നടക്കേണ്ടതിനാൽ തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യം, കൃഷി തുടങ്ങിയ മേഖലകളെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സാമ്പത്തിക നയങ്ങൾക്കായിരിക്കും സർക്കാരിന്റെ മുൻഗണന. പൊതുതെരഞ്ഞെടുപ്പിന് മുമ്പ് കർണാടകം, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നീ സംസ്ഥാന നിയമസഭകളിലേക്കും തെരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്. ഇതെല്ലാം കണക്കിലെടുത്തായിരിക്കും എൻഡിഎ സർക്കാരിന്റെ അവസാന ബജറ്റ് തയാറാക്കുന്നത്.