നന്ദൻ നിലേകനി ഇൻഫോസിസ് ചെയർമാൻ

Posted on: August 25, 2017

ബംഗലുരു : ഇൻഫോസിസ് നോൺ എക്‌സിക്യൂട്ടീവ് ചെയർമാനായി നന്ദൻ നിലേകനിയെ നിയമിച്ചു. വിശാൽ സിക്കയുടെ രാജിയെ തുടർന്ന് ഇൻഫോസിസ് സഹസ്ഥാപകനും മുൻ സിഇഒയുമായിരുന്ന നിലേകനി കമ്പനിയിൽ തിരിച്ചെത്തുമെന്ന സൂചനകളുണ്ടായിരുന്നു. നിരവധി ആഭ്യന്തര നിക്ഷേപസ്ഥാപനങ്ങൾ ഈ ആവശ്യമുന്നയിച്ച് ഇൻഫോസിസ് ഡയറക്ടർ ബോർഡിന് കത്തയച്ചിരുന്നു. പുതിയ സാഹചര്യത്തിൽ നിലവിലുള്ള ചെയർമാൻ ആർ. ശേഷസായി സ്ഥാനമൊഴിയും. കോ-ചെയർമാൻ രവി വെങ്കിടേശൻ സ്വതന്ത്ര ഡയറക്ടറായി മാറും.

ഇൻഫോസിസിലേക്ക് മടങ്ങിവരുന്നതിൽ സന്തോഷമുണ്ടെന്ന് നന്ദൻ നിലേകനി പ്രസ്താവനയിൽ അറിയിച്ചു. ഇൻഫോസിസിന് മുന്നിലുള്ള ബിസിനസ് അവസരങ്ങൾ ഓഹരിയുടമകൾക്കും ജീവനക്കാർക്കും സമൂഹത്തിനും നേട്ടമാക്കാൻ സഹപ്രവർത്തകരോടൊപ്പം യത്‌നിക്കുമെന്നും അദേഹം വ്യക്തമാക്കി.

നന്ദൻ നിലേകനി 2002 മാർച്ച് മുതൽ 2007 ഏപ്രിൽ വരെ ഇൻഫോസിസിന്റെ സിഇഒയായിരുന്നു. പിന്നീട് വൈസ്‌ചെയർമാനായിരിക്കെ 2009 ൽ ആണ് ആധാർ കാർഡ് വിതരണത്തിനുള്ള ദൗത്യവുമായി ഇൻഫോസിസ് വിട്ടത്.