യുപിയിലും ഉത്തരാഖണ്ഡിലും ബിജെപി ; ഗോവയിലും മണിപ്പൂരിലും ചാഞ്ചാട്ടം

Posted on: March 11, 2017

ന്യൂഡൽഹി : മോദി തരംഗത്തിൽ നാലിൽ മൂന്ന് ഭൂരിപക്ഷത്തോടെ ഉത്തരപ്രദേശിൽ ബിജെപി ഭരണം പിടിച്ചെടുത്തു. ഉത്തരാഖണ്ഡിലും ബിജെപി ഭരണം നേടി. ഗോവയിലും മണിപ്പൂരിലും മറ്റുള്ളവരുടെ സഹായത്താൽ ഭരണം നേടാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. പഞ്ചാബിൽ കോൺഗ്രസ് തരംഗം. ഗോവയിൽ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പരസേക്കറുടെ തോൽവി ബിജെപിക്ക് തിരിച്ചടിയായി.

പതിനാല് വർഷങ്ങൾക്ക് ശേഷമാണ് ഉത്തർപ്രദേശിൽ ബിജെപി അധികാരത്തിലെത്തുന്നത്. ആകെയുള്ള 403 സീറ്റുകളിൽ 309 സീറ്റുകൾ ബിജെപി നേടി. ഭരണകക്ഷിയായി എസ് പി – കോൺഗ്രസ് സഖ്യത്തിന് 69 സീറ്റുകൾ മാത്രമെ നേടാനായുള്ളു. മായാവതിയുടെ ബി എസ് പി 18 സീറ്റുകൾ ലഭിച്ചു. മറ്റുള്ളവർ 7 സീറ്റ് നേടി.

പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പഞ്ചാബിൽ കോൺഗ്രസ് അധികാരത്തിൽ എത്തുന്നത്. കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ ജന്മദിനത്തിലാണ് പാർട്ടി വൻവിജയം നേടിയതെന്ന പ്രത്യേകതയുമുണ്ട്.

ആകെ സീറ്റുകൾ 117. ഫലം പ്രഖ്യാപിച്ചത് – 117. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 59. കോൺഗ്രസ് 81. ആംആദ്മി പാർട്ടി – 21. അകാലിദൾ-ബിജെപി സഖ്യം – 15.

ഉത്താരഖണ്ഡ് കോൺഗ്രസിൽ നിന്നും ബിജെപി പിടിച്ചെടുത്തു. ആകെയുള്ള 70 സീറ്റുകളിലെയും തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചപ്പോൾ ബിജെപി 53 സീറ്റുകൾ നേടി. നിലവിലുള്ള മുഖ്യമന്ത്രി ഹരീഷ് റാവത്ത് ഹരിദ്വാർ റൂറലിൽ പരാജയപ്പെട്ടു.

ആകെ സീറ്റ് – 70. കേവല ഭൂരിപക്ഷത്തിന് വേണ്ടത് – 36. ബിജെപി – 53. കോൺഗ്രസ് – 14. മറ്റുള്ളവർ – 3.

ഗോവയിൽ ഭരണനഷ്ടത്തിന് പുറമെ മുഖ്യമന്ത്രി പർസേക്കറുടെ തോൽവി ബിജെപി കേന്ദ്രങ്ങളെ ഞെട്ടിച്ചു. ആം ആദ്മി പാർട്ടിക്ക് ഗോവയിൽ അക്കൗണ്ട് തുറക്കാനായില്ല.

ആകെ സീറ്റ് – 40. കേവല ഭൂരിപക്ഷത്തിന് വേണ്ടത് – 21. ഫലം പ്രഖ്യാപിച്ചത് – 31. ബിജെപി – 12. കോൺഗ്രസ് – 13. മറ്റുള്ളവർ – 8.

കഴിഞ്ഞ 15 വർഷമായി മണിപ്പൂർ ഭരിക്കുന്ന കോൺഗ്രസ് 24 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. മുഖ്യമന്ത്രി ഇബോബി സിംഗ് തൗബാൽ മണ്ഡലത്തിൽ പീപ്പിൾസ് റീസർജൻസ് ആൻഡ് ജസ്റ്റീസ് അലയൻസ് നേതാവ് ഇറോം ശർമിളയെ പരാജയപ്പെടുത്തി.

ആകെ സീറ്റ് – 60. കേവല ഭൂരിപക്ഷത്തിന് വേണ്ടത് – 31. കോൺഗ്രസ് – 25. ബിജെപി – 19. എൽഡിഫ് – 1. മറ്റുള്ളവർ 8.