ഡൊണാൾഡ് ട്രംപ് അധികാരത്തിൽ

Posted on: January 20, 2017

വാഷിംഗ്ടൺ : അമേരിക്കയുടെ 45 ാമത്തെ പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് അധികാരമേറ്റു. കാപ്പിറ്റോളിൽ നടന്ന ചടങ്ങിൽ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ജോൺ റോബർട്ട്‌സ് ട്രംപിന് സത്യവാചകം ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡന്റായി മൈക്ക് പെൻസും സത്യപ്രതിജ്ഞ ചെയ്തു.

ശക്തവും സമ്പന്നവുമായ അമേരിക്കയാണ് തന്റെ ലക്ഷ്യമെന്ന് തുടർന്ന് നടത്തിയ പ്രസംഗത്തിൽ ട്രംപ് പറഞ്ഞു. അധികാരം ഇനി ജനങ്ങൾക്കായിരിക്കും. അമേരിക്കക്കാരെന്ന കാരണത്താൽ അവഗണിക്കപ്പെടുകയില്ല. തീവ്രവാദം തുടച്ചുനീക്കുമെന്നും അദേഹം വ്യക്തമാക്കി.

ട്രംപിന്റെ പത്‌നി മിലാനിയ ട്രംപ്, സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ബരാക്ക് ഒബാമ, മുൻപ്രസിഡന്റുമാരായ ജോർജ് ബുഷ്, ബിൽ ക്ലിന്റൺ, പത്‌നി ഹിലാരി ക്ലിന്റൺ തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. എഴുപതുകാരനായ ഡൊണാൾഡ് ട്രംപ് വ്യവസായി, ബിൽഡർ, ടെലിവിഷൻ അവതാരകൻ തുടങ്ങി നിരവധി രംഗങ്ങളിൽ വ്യക്തിമുദ്രപതിപ്പിച്ചിട്ടുണ്ട്.