ലീസ് കുടിശിക എയർപെഗാസസ് വിമാനം തിരികെവാങ്ങി

Posted on: July 28, 2016

Air-Pegasus-Big

ബംഗലുരു : ലീസിംഗ് തുക കുടിശികയായതിനെ തുടർന്ന് എയർപെഗാസസിന്റെ ഒരു വിമാനം ലീസർ തിരികെവാങ്ങി. പ്രതിമാസം 85 ലക്ഷം രൂപയാണ് ഒരു വിമാനത്തിന്റെ ലീസ് തുക. മൂന്ന് എടിആർ 500-72 വിമാനങ്ങളാണ് എയർപെഗാസസ് ഫ്‌ളീറ്റിലുള്ളത്. ബംഗലുരുവിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള സർവീസ് ഇന്ന് റദ്ദാക്കി.

ശമ്പള ഇനത്തിൽ ഒരു കോടി ഉൾപ്പടെ പ്രതിമാസം അഞ്ച് കോടി രൂപയാണ് എയർപെഗാസസിന്റെ പ്രവർത്തനച്ചെലവ്. ഏകദേശം ഇത്രയും തുക വരുമാനമായും എയർപെഗാസസ് നേടുന്നുണ്ട്. എന്നാൽ അടിയന്തരമായി 100 കോടി രൂപ കണ്ടെത്തിയാലെ കമ്പനിക്ക് മുന്നോട്ട് പോകാനാകുകയുള്ളുവെന്നാണ് വ്യോമയാനവൃത്തങ്ങളുടെ വിലയിരുത്തൽ.

ഇന്നലെ സാങ്കേതിക കാരണങ്ങളാൽ സർവീസ് റദ്ദാക്കിയത് വിവിധ വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ പ്രതിഷേധത്തിന് ഇടയാക്കി. യാത്രക്കാരുടെ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകാനാകാതെ എയർപെഗാസസിന്റെ ഗ്രൗണ്ട് സ്റ്റാഫ് വലഞ്ഞു.

ഇതിനിടെ എയർപെഗാസസ് വിമാനത്തിൽ യാത്രചെയ്യാൻ എത്തിയ 30 അനാഥകുഞ്ഞുങ്ങൾ മധുര വിമാനത്താവളത്തിൽ കുടുങ്ങിയതും തമിഴ്‌നാട്ടിൽ വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കി. വൈകുന്നേരം ആറുമണിയുടെ വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന കുട്ടികളെ രാത്രി 10.30 ന് ശേഷം സന്നദ്ധസംഘടനയായ റെയിൻഡ്രോപ്‌സ് ബസിൽ ചെന്നൈയിലേക്ക് കൊണ്ടുപോയി.