ഒരു ലക്ഷം കോടി വിറ്റുവരവ് ലക്ഷ്യമിട്ട് ഐടിസി

Posted on: July 24, 2016

Y-C-Deveshwar--ITC--big

കോൽക്കത്ത : ഐടിസി 2030 ൽ ഒരു ലക്ഷം കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമിടുന്നതായി ചെയർമാൻ വൈ.സി.ദേവേശ്വർ. ഐടിസി വൈകാതെ പഴങ്ങളുടെയും പച്ചക്കറികളുടെയും വിപണിയിലേക്ക് പ്രവേശിക്കും. രാജ്യത്തെ 10 ശതമാനം ഭക്ഷ്യവസ്തുക്കളെ സംസ്‌കരണത്തിന് വിധേയമാകുന്നുള്ളു. വർധിച്ചുവരുന്ന ഡിമാൻഡ് കണക്കിലെടുത്ത് രംഗത്ത് വലിയ മുന്നേറ്റം സാധ്യമാണെന്ന് ഐടിസിയുടെ 105 മത് വാർഷിക പൊതുയോഗത്തിൽ വൈ.സി. ദേവേശ്വർ പറഞ്ഞു.

പഴങ്ങളും പച്ചക്കറികളും ഉൾപ്പടെയുള്ള കാർഷികോത്പന്നങ്ങൾ സൂക്ഷിക്കാൻ ഐടിസി രാജ്യത്തുടനീളം കോൾഡ് സ്‌റ്റോറേജുകളുടെ ശൃംഖല സ്ഥാപിച്ചു വരികയാണ്. ഉത്പന്നങ്ങളുടെ മൂല്യവർധനയും ഗുണനിലവാരവും ഉറപ്പാക്കാൻ ബംഗലുരുവിലെ ഐടിസി ലൈഫ് സയൻസ് സെന്ററിന്റെ പിന്തുണയുണ്ടെന്നും അദേഹം ചൂണ്ടിക്കാട്ടി. ഹെൽത്ത് ആൻഡ് വെൽനെസ് രംഗത്തേക്കും ഐടിസി ഊന്നൽ നൽകുന്നുണ്ടെന്ന് ദേവേശ്വർ കൂട്ടിച്ചേർത്തു.