എയർഏഷ്യ ഇന്ത്യയെ ചിലർ കൈയടക്കിയെന്ന് ടോണി ഫെർണാണ്ടസ്

Posted on: April 16, 2016

AirAsia-Tony-Fernandes-Big

ബംഗലുരു : എയർഏഷ്യ ഇന്ത്യയുടെ നിയന്ത്രണം ചില സ്ഥാപിത താത്പര്യക്കാർ കൈയടക്കിയെന്ന് എയർഏഷ്യ ഗ്രൂപ്പ് സിഇഒ ടോണി ഫെർണാണ്ടസ്. വിദേശനിക്ഷേപ നിയമത്തിന്റെ ലംഘനമായ ഈ നടപടി തന്നെ ഞെട്ടിച്ചുവെന്ന് അദേഹം പറഞ്ഞു. നിഷ്പക്ഷതയും സുതാര്യതയുമാണ് മോദി ഗവൺമെന്റിന്റെ വാഗ്ദാനം. എന്നാൽ എയർഏഷ്യ ഇന്ത്യയിലുണ്ടായ അനുഭവം എന്നെ സ്തബ്ധനാക്കി. ഇതു സംബന്ധിച്ച് പ്രധാനമന്ത്രിയെ കാണുമെന്നും ടോണി ഫെർണാണ്ടസ് വ്യക്തമാക്കി.

ടാറ്റാസൺസും മലേഷ്യൻ വിമാനക്കമ്പനിയായ എയർഏഷ്യ ബെർഹാദും ചേർന്ന് 2014 ജൂണിലാണ് എയർഏഷ്യ ഇന്ത്യ ആരംഭിക്കുന്നത്. തുടക്കത്തിൽ ടാറ്റാസൺസിന് 41.06 ശതമാനം ഓഹരിപങ്കാളിത്തമാണുണ്ടായിരുന്നത്. അടുത്തയിടെ മറ്റൊരു നിക്ഷേപകനായിരുന്ന അരുൺ ഭാട്യയുടെ ടെലിസ്ട്ര ട്രേഡ്‌പ്ലേസിന്റെ കൈവശമുണ്ടായിരുന്ന 10 ശതമാനം ഓഹരികളിൽ 7.94 ശതമാനം ഓഹരികൾ അടുത്തയിടെ ടാറ്റാസൺസ് വാങ്ങി. ശേഷിച്ച രണ്ട് ശതമാനം ഓഹരികൾ എയർഏഷ്യ ചെയർമാൻ എസ്. രാമദൊരൈയും ഡയറക്ടർ ആർ. വെങ്കിടരാമനും വ്യക്തിപരമായ നിലയിൽ സ്വന്തമാക്കി.

ഇതോടെ ടാറ്റാസൺസിനും എയർഏഷ്യ ബെർഹാദിനും സംയുക്തസംരംഭത്തിൽ 49 ശതമാനം വീതം ഓഹരിപങ്കാളിത്തമായി.ഫലത്തിൽ എയർഏഷ്യ ഇന്ത്യയുടെ നിയന്ത്രണം ടാറ്റാസൺസിന്റെ കൈയിലായതാണ് മലേഷ്യൻ പങ്കാളിയെ ചൊടിപ്പിച്ചത്.