സ്മാർട്‌സിറ്റി ഇനി കേരളത്തിന് സ്വന്തം

Posted on: February 20, 2016

Smart-City-Phase-one-Inaug-കൊച്ചി : കൊച്ചി സ്മാർട്‌സിറ്റി കൊച്ചി ഒന്നാംഘട്ടം നാടിന് സമർപ്പിച്ചു. സ്മാർട്‌സിറ്റി പദ്ധതി പ്രദേശത്ത് നടന്ന വർണാഭമായ ചടങ്ങിൽ യുഎഇ കാബിനറ്റ് കാര്യ മന്ത്രിയും ദുബായ് ഹോൾഡിംഗ് ചെയർമാനുമായ മുഹമ്മദ് അൽ ഗർഗാവി, മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കേന്ദ്ര ഐടി മന്ത്രി രാജീവ് പ്രതാപ് റൂഡി, വ്യവസായ, ഐടി വകുപ്പ് മന്ത്രിയും കൊച്ചി സ്മാർട്‌സിറ്റി ചെയർമാനുമായ പി. കെ. കുഞ്ഞാലിക്കുട്ടി, ദുബായ് ഹോൾഡിംഗ് വൈസ് ചെയർമാനും എംഡിയുമായ അഹമ്മദ് ബിൻ ബ്യാത്, സ്മാർട്‌സിറ്റി കൊച്ചി വൈസ് ചെയർമാൻ ജാബിർ ബിൻ ഹാഫിസ്, സ്മാർട്‌സിറ്റി ഡയറക്ടർ ബോർഡിലെ പ്രത്യേക ക്ഷണിതാവും ലുലു ഗ്രൂപ്പ് ചെയർമാനുമായ പദ്മശ്രീ എം എ യൂസഫലി, തുടങ്ങിയവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. രണ്ടാംഘട്ടം നിർമാണോദ്ഘാടനവും ഇതോടൊപ്പം നടന്നു.

കേരളത്തിലെ വിദ്യാഭ്യാസ-ആരോഗ്യമേഖലകളെ ഉന്നതനിലവാരത്തിലേക്ക് ഉയർത്താൻ സ്മാർട്ട് സിറ്റിക്കു കഴിയുമെന്ന് യുഎഇ കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് അൽ ഗർഗാവി പറഞ്ഞു.

കേരളത്തിലെ യുവാക്കൾക്ക് സ്വന്തം നാട്ടിൽ തന്നെ ജോലി ചെയ്യാനുള്ള അവസരം ഇനി കേരളത്തിൽ ലഭിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. സ്മാർട്‌സിറ്റി വെറമൊരു ഐടി പദ്ധതിയല്ല. മറിച്ച് കേരളവും യുഎഇയും തമ്മിൽ പരമ്പരാഗതമായി നിലനിൽക്കുന്ന ബന്ധത്തിന്റെ ഒരു പ്രതീകം കൂടിയാണ്. പദ്ധതി പൂർത്തിയാകുമ്പോൾ രാജ്യത്തെ തന്നെ ഏറ്റവും വലിയ ഐടി കേന്ദ്രമാകും സ്മാർട്‌സിറ്റി – അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ഭാവി സംരംഭങ്ങൾക്ക് ആത്മവിശ്വാസം പകരുന്നതാണ് ഈ പദ്ധതിയെുന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ആയിരങ്ങൾ കേരളത്തിന്റെ സ്വപ്‌നപദ്ധതി നാടിന് സമർപ്പിക്കുന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു. ആദ്യഘട്ടത്തിൽ 22 കമ്പനികളാണ് സ്മാർട്ട്‌സിറ്റിയിൽ പ്രവർത്തനമാരംഭിക്കുന്നത്. രണ്ടാം ഘട്ടത്തിൽ പദ്ധതികൾ നടപ്പാക്കുന്ന കോ-ഡെവലപ്പർമാരായ ജെംസ് എഡ്യുക്കേഷൻ സീനിയർ എക്‌സിക്യൂട്ടീവ് ഡയറക്ടർ സി.എൻ. രാധാകൃഷ്ണൻ, ഹോളിഡേ ഗ്രൂപ്പ് ചെയർമാൻ സി. സി. തമ്പി, സാൻഡ്‌സ് ഇൻഫ്രാബിൽഡ് എംഡി മുഹമ്മദ് ഷാറൂൺ, പ്രസ്റ്റീജ് ഗ്രൂപ്പ് സീനിയർ വൈസ് പ്രസിഡന്റ് തങ്കച്ചൻ തോമസ്, മാറാട്ട് ഗ്രൂപ്പ് ചെയർമാൻ എം.കെ. മറാട്ടുകളം, എൽട്ടൻ ടെക്‌നോളജീസ് ചെയർമാൻ ബി. ആർ. അജിത് എന്നിവരെ ചടങ്ങിൽ മുഖ്യമന്ത്രിയും യുഎഇ മന്ത്രിയും ചേർന്ന് ആദരിച്ചു.

തുടർന്ന് സിനിമാതാരം ലക്ഷ്മി ഗോപാലസ്വാമിയും സംഘവും അവതരിപ്പിച്ച നൃത്തപരിപാടി അരങ്ങേറി. മന്ത്രിമാരായ വി.കെ. ഇബ്രാഹിംകുഞ്ഞ്, കെ. ബാബു, ദുബായ് പ്രോപ്പർട്ടീസ് ഗ്രൂപ്പ് സിഇഒയും സ്മാർട്‌സിറ്റി കൊച്ചി മുൻ വൈസ് ചെയർമാനുമായ അബ്ദുൽ ലത്തീഫ് അൽ മുല്ല, കെ. വി. തോമസ് എംപി, എംഎൽഎമാരായ ബെന്നി ബഹനാൻ, ഡൊമിനിക്ക് പ്രസന്റേഷൻ, ഹൈബി ഈഡൻ, വി. പി. സജീന്ദ്രൻ, ചീഫ് സെക്രട്ടറി ജിജി തോംസൺ, ഐടി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പി. എച്ച്. കുര്യൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.