സ്മാർട്‌സിറ്റി കൊച്ചി ഒന്നാംഘട്ടം ഉദ്ഘാടനം ഇന്ന്

Posted on: February 20, 2016

Smart-City-Kochi-Big-aകൊച്ചി : കൊച്ചി സ്മാർട്‌സിറ്റി കൊച്ചി ഒന്നാംഘട്ടം ഇന്ന് രാവിലെ 11 ന് ഉദ്ഘാടനം ചെയ്യും. രണ്ടാംഘട്ടം നിർമാണോദ്ഘാടനവും ഇതോടൊപ്പം നടക്കും. സ്മാർട്‌സിറ്റി പദ്ധതി പ്രദേശത്ത് നടക്കുന്ന വർണാഭമായ ചടങ്ങിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, യുഎഇ കാബിനറ്റ്കാര്യ മന്ത്രിയും ദുബായ് ഹോൾഡിംഗ് ചെയർമാനുമായ മുഹമ്മദ് അൽ ഗർഗാവി, ദുബായ് ഹോൾഡിംഗ് വൈസ് ചെയർമാനും എംഡിയുമായ അഹമ്മദ് ബിൻ ബ്യാത്, വ്യവസായ, ഐടി വകുപ്പ് മന്ത്രിയും കൊച്ചി സ്മാർട്‌സിറ്റി ചെയർമാനുമായ പി. കെ. കുഞ്ഞാലിക്കുട്ടി,

പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ, ചീഫ് സെക്രട്ടറി ജിജി തോംസൺ, സ്മാർട്‌സിറ്റി ഡയറക്ടർ ബോർഡിലെ പ്രത്യേക ക്ഷണിതാവും ലുലു ഗ്രൂപ്പ് ചെയർമാനുമായ പദ്മശ്രീ എം എ യൂസഫലി, ജെംസ് ഗ്രൂപ്പ് ചെയർമാൻ സണ്ണി വർക്കി, ഐബിഎസ് ചെയർമാൻ വി. കെ. മാത്യൂസ്, കൊച്ചിൻ സ്‌പെഷ്യൽ ഇക്കണോമിക് സോൺ ഡെവലപ്‌മെന്റ് കമ്മിഷണർ എ. എൻ. സഫീന, സ്മാർട്‌സിറ്റി കൊച്ചി വൈസ് ചെയർമാൻ ജാബിർ ബിൻ ഹാഫിസ് തുടങ്ങിയവരുടെ സാന്നിധ്യത്തിൽ കേരളത്തിന്റെ സ്വപ്‌നപദ്ധതി നാടിന് സമർപ്പിക്കും.

ആദ്യ ഐടി ടവറിലെ 75 % സ്ഥലവും നിലവിൽ 27 ഐടി കമ്പനികൾ പാട്ടത്തിനെടുത്തിട്ടുണ്ട്. അവയിൽ പലരും ഇന്റീരിയർ ജോലികളും ആരംഭിച്ചു കഴിഞ്ഞു. കമ്പനികളുടെ പേര് വിവരങ്ങൾ ഉദ്ഘാടനച്ചടങ്ങിൽ പ്രഖ്യാപിക്കുമെന്ന് സ്മാർട്‌സിറ്റി വൈസ് ചെയർമാൻ ജാബിർ ബിൻ ഹാഫിസ് സ്മാർട്‌സിറ്റി പവലിയൻ ഓഫീസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അടുത്ത 3-4 മാസങ്ങൾക്കകം കമ്പനികൾ പൂർണതോതിൽ പ്രവർത്തനസജ്ജമാകുമെന്നും അദ്ദേഹം പറഞ്ഞു.

Smart-City-Kochi-Big-bപൂർണതോതിൽ പ്രവർത്തനസജ്ജമാകുന്നതോടെ ഒന്നാംഘട്ടത്തിൽ 5000 ലേറെ പേർക്ക് ജോലി ലഭിക്കും. കൊച്ചി സ്മാർട്‌സിറ്റിയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് ദുബായിലെയോ മാൾട്ടയിലെയോ സ്മാർട്‌സിറ്റിയിൽ നേരിട്ടോ വിർച്വലോ ആയ സാന്നിധ്യമാകാമെന്ന് വാർത്താസമ്മേളനത്തിൽ പങ്കെടുത്ത കൊച്ചി സ്മാർട്‌സിറ്റി ഇടക്കാല സിഇഒയും ഡയറക്ടർ ബോർഡംഗവുമായ ഡോ. ബാജു ജോർജ് പറഞ്ഞു.

പദ്ധതിയുടെ അസാമാന്യതയും പദ്ധതിനിർവഹണത്തിന് മുൻമാതൃകകളൊന്നുമില്ലാതിരുന്നതുമാണ് ഒന്നാംഘട്ടത്തിലെ കാലതാമസത്തിന് കാരണമെന്ന് ജാബിർ ബിൻ ഹാഫിസ് പറഞ്ഞു. കൂടാതെ നിർമാണത്തിന് മുമ്പ് റോഡ്, പാലം, വൈദ്യുതി തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കേണ്ടതുണ്ടായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

നിർമാണോദ്ഘാടനം നടത്തപ്പെടുന്ന 47 ലക്ഷം ച.അടി രണ്ടാംഘട്ടത്തിൽ ലുലു ഗ്രൂപ്പിന്റെ ഐടി വിഭാഗമായ സാൻഡ്‌സ് ഇൻഫ്രാ ബിൽഡിന്റെ രാജ്യത്തെ ഏറ്റവും ഉയരം കൂടിയ ഐടി ടവറുൾപ്പെടെ 7 ടവറുകളാണുണ്ടാവുക. സ്മാർട്‌സിറ്റിയുടെ സ്വന്തം ടവറിന് പുറമെ യുഎഇ ആസ്ഥാനമായ ഹോളിഡേ ഗ്രൂപ്പ്, ജെംസ് ഇന്റർനാഷണൽ സ്‌കൂൾ, ബംഗലുരു ആസ്ഥാനമായ മറാട്ട് പ്രൊജക്ട്‌സ്, പ്രസ്റ്റീജ് ഗ്രൂപ്പ്, കൊച്ചി ആസ്ഥാനമായ എൽട്ടൻ ടെക്‌നോളജീസ് എന്നിവയുടെ പദ്ധതികളാണ് രണ്ടാംഘട്ടത്തിലുണ്ടാവുക. 60,000 ത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ഈ ഘട്ടത്തിൽ ഐടിയേതര പദ്ധതികളുമുണ്ടാകും.രണ്ടാംഘട്ടത്തിന്റെ നിർമാണം 30-36 മാസങ്ങൾക്കുള്ളിൽ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും വൈസ് ചെയർമാൻ പറഞ്ഞു.