ഒ എൻ വി കുറുപ്പ് അന്തരിച്ചു

Posted on: February 13, 2016

O.-N.-V.-Kurup-Big-b

തിരുവനന്തപുരം : മലയാളത്തിന്റെ പ്രിയ കവി പ്രഫ. ഒ എൻ വി കുറുപ്പ് (84) അന്തരിച്ചു. പനിബാധിച്ച് ഏതാനും ദിവസങ്ങളായി സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു. ഒ എൻ വിയുടെ വസതിയായ ഇന്ദീവരത്തിലുള്ള ഭൗതികശരീരം നാളെ രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് മൂന്നുമണിവരെ വിജെടി ഹാളിൽ പൊതുദർശനത്തിന്‌വെയ്ക്കും. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10 ന് ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തികവാടത്തിൽ നടക്കും.

ഭാര്യ സരോജി കുറുപ്പ്. മക്കൾ : മായാദേവീ കുറുപ്പ്, രാജീവൻ കുറുപ്പ്.

ആറ് പതിറ്റാണ്ടായി മലയാള സാഹിത്യലോകത്ത് നിറ സാന്നിധ്യമായിരുന്നു. മലയാള ചലചിത്രഗാന ശാഖയ്ക്കും വലിയ സംഭാവനകൾ നൽകി. നിരവധി നാടക ഗാനങ്ങളും രചിച്ചിട്ടുണ്ട്. ഭൂമിക്കൊരു ചരമഗീതം, ഉപ്പ്, മയിൽപ്പീലി, ഉജ്ജയിനി തുടങ്ങിയവയാണ് പ്രധാന കവിതാസമാഹാരങ്ങൾ.,

സാഹിത്യ രംഗത്തെ സമഗ്രസംഭാവനകൾ കണക്കിലെടുത്ത് 2007 ൽ ജ്ഞാനപീഠ പുരസ്‌കാരവും. 2008 ൽ എഴുത്തച്ഛൻ പുരസ്‌കാരം ലഭിച്ചു. 1998 ൽ പദ്മശ്രീയും 2011 ൽ പദ്മവിഭൂഷൺ പുരസ്‌കാരവും നൽകി രാജ്യം ആദരിച്ചു.

1931 മെയ് 27 ചവറയിൽ ജനിച്ച ഒ എൻ വി തിരുവനന്തപുരം വിമൻസ് കോളജ് മലയാള വിഭാഗം മേധാവിയായിരുന്നു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ്, ആർട്‌സ് ആൻഡ് സയൻസ് കോളജ്, എറണാകുളം മഹാരാജാസ് കോളജ്, തലശേരി ബ്രണ്ണൻ കോളജ് എന്നിവിടങ്ങളിൽ മലയാളം അധ്യാപകനായിരുന്നു.

TAGS: O. N. V. Kurup |