ദുബായ് 200 കോടി ദിർഹത്തിന്റെ ഇന്നൊവേഷൻ ഫണ്ടിന് തുടക്കമിട്ടു

Posted on: November 25, 2015

Sheikh-Mohammed-Launching-Iദുബായ് : യുഎഇയുടെ മുന്നേറ്റത്തിന് നൂതന ആശയങ്ങൾ ആവിഷ്‌കരിക്കുന്നവർക്ക് പിന്തുണ നൽകുന്നതിനായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 200 കോടി ദിർഹത്തിന്റെ ഇന്നൊവേഷൻ ഫണ്ടിന് തുടക്കം കുറിച്ചു. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഫണ്ട് ഫോർ ഫിനാൻസ് ഇന്നൊവേഷൻ എന്ന പേരിലുള്ള ഫണ്ട് യുഎഇ വിഷൻ 2021 ന്റെ ഭാഗമായുള്ള വിവിധ പദ്ധതികൾക്ക് സഹായം നൽകാൻ ഉദ്ദേശിച്ചുള്ളതാണ്. പ്രാദേശിക ബാങ്കുകളുമായും ധനകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് തയാറാക്കുന്ന ഫെഡറൽ സർക്കാരിന്റെ പുതിയ സംരംഭം ധനമന്ത്രാലയമാണ് നടപ്പാക്കുന്നത്.

നൂതന ആശയങ്ങളും നിർദ്ദേശങ്ങളും മുന്നോട്ടുവയ്ക്കുന്നവരെ സഹായിക്കാനും വായ്പ നൽകാനും വേണ്ടിയാണ് ഫണ്ട് വിനിയോഗിക്കുകയെന്ന് എമിറേറ്റ്‌സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. പുതിയ ആശയങ്ങൾ നടപ്പിലാക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ഫലം ചെയ്യുമെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

Sheikh-Mohammed-launch-of-tയുഎഇ ഇന്നൊവേഷൻ വാരാചരണത്തിന്റെ ഭാഗമായി ഇന്നലെ ദുബായ് ഡൗൺടൗണിലെ സോഫിടെൽ ഹോട്ടലിൽ ധനമന്ത്രാലയം സംഘടിപ്പിച്ച ഇന്നൊവേറ്റീവ് ഫിനാൻസിംഗ് കോൺഫറൻസിലാണ് പുതിയ ഫണ്ട് പ്രഖ്യാപനമുണ്ടായത്. വ്യക്തികളും യുഎഇയിൽ രജിസ്റ്റർ ചെയ്ത കമ്പനികളും മുന്നോട്ടുവയ്ക്കുന്ന നൂതന ആശയങ്ങൾക്ക് ഫണ്ട് പിന്തുണ നൽകും. ആരംഭഘട്ടത്തിലുള്ള പദ്ധതികൾ ഇതിനായി ബൗദ്ധിക സ്വത്തായി രജിസ്റ്റർ ചെയ്യണം.

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് ഉപഭരണാധികാരിയും യുഎഇ ധനകാര്യമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂം, ധനകാര്യ സഹമന്ത്രി ഉബൈദ് ഹുമൈദ് അൽ തായർ തുടങ്ങിയ നിരവധി പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.