അഹമ്മദ് ബിൻ ബയാത്ത് ദുബായ് ഹോൾഡിംഗ് എംഡി

Posted on: June 29, 2015

Dubai-Holding-Ahmad-Bin-Bya

ദുബായ് : ദുബായ് ഹോൾഡിംഗ് മാനേജിംഗ് ഡയറക്ടറും വൈസ് ചെയർമാനുമായി അഹമ്മദ് ബിൻ ബയാത്തിനെ നിയമിച്ചു. നിലവിൽ സിഇഒ ആയിരുന്നു. ടെലികോം കമ്പനിയായ ഡു ന്റെ ചെയർമാൻ, ദുബായ് ടെക്‌നോളജി ആൻഡ് മീഡിയ ഫ്രീസോൺ അഥോറിട്ടി ഡയറക്ടർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ചീഫ് ഓപറേറ്റിംഗ് ഓഫീസറായിരുന്ന ഫദെൽ അൽ അലിയാണ് പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ. ദുബായ് ഇന്റർനാഷണൽ കാപ്പിറ്റൽ ചെയർമാൻ, ഡു, എമ്മാർ പ്രോപ്പർട്ടീസ്, ജുമൈറ ഗ്രൂപ്പ് എന്നിവയുടെ ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്.

ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിക്ഷേപസ്ഥാപനമാണ് ദുബായ് ഹോൾഡിംഗ്‌സ്. 35.39 ബില്യൺ ഡോളർ (130 ബില്യൺ ദിർഹംസ്) ആണ് ദുബായ് ഹോൾഡിംഗ്‌സിന്റെ ആസ്തി. കേരളത്തിൽ സ്മാർട്ട് സിറ്റി സ്ഥാപിക്കുന്ന ടീകോം ഇൻവെസ്റ്റ്‌മെന്റ്‌സ് ദുബായ് ഹോൾഡിംഗിന്റെ ഭാഗമാണ്.