എമിറേറ്റ്‌സിന്റെ ലാഭത്തിൽ 65 ശതമാനം വർധന

Posted on: November 12, 2015

Emirates-A-380-Big-a

ദുബായ് : എമിറേറ്റ്‌സ് എയർലൈൻസിന് നടപ്പുധനകാര്യവർഷം ആദ്യത്തെ ആറുമാസക്കാലത്ത് ലാഭത്തിൽ 65 ശതമാനം വർധന. സെപ്റ്റംബർ 30 ന് അവസാനിച്ച ഒന്നാം അർധവർഷത്തിൽ ലാഭം 3.1 ബില്യൺ ദിർഹംസായി. മുൻവർഷം ഇതേകാലയളവിൽ 1.9 ബില്യൺ ദിർഹംസായിരുന്നു ലാഭം. ഇക്കാലയളവിൽ പ്രവർത്തനച്ചെലവുകൾ 38 ശതമാനത്തിൽ നിന്ന് 28 ശതമാനമായി കുറഞ്ഞു. ഇന്ധനവിലയിൽ 41 ശതമാനം കുറവുണ്ടായി. യാത്രക്കാരുടെ എണ്ണം 10 ശതമാനം വർധിച്ച് 25.7 ദശലക്ഷമായി. പുതിയ 9 വിമാനങ്ങൾ കൂടി ലഭിച്ചതോടെ ശേഷി 14 ശതമാനം വർധിച്ചു.

സേവന വിഭാഗമായ ഡണാറ്റയുടെ വരുമാനം 2.2 ബില്യൺ ദിർഹംസിൽ നിന്ന് 3.7 ബില്യൺ ദിർഹംസായി വർധിച്ചു. എയർബസ്, ബോയിംഗ് വിഭാഗങ്ങളിൽപ്പെട്ട 345 വിമാനങ്ങൾക്കാണ് എമിറേറ്റ്‌സ് ഓർഡർ നൽകിയിട്ടുള്ളത്. ഇവയിൽ 30 ഓളം വിമാനങ്ങളുടെ ഡെലിവറി അടുത്തവർഷം ആരംഭിക്കും.

വികസനപ്രവർത്തനങ്ങൾക്കു പണം കണ്ടെത്താൻ പരമ്പരാഗത ബോണ്ടുകളോ ഇസ്ലാമിക് ബോണ്ടുകളോ പുറത്തിറക്കുമെന്ന് ദുബായ് സിവിൽ ഏവിയേഷൻ പ്രസിഡന്റും എമിറേറ്റ്‌സ് ചെയർമാനും സിഇഒയുമായ ഷെയ്ഖ് അഹമ്മദ് ബിൻ സായിദ് അൽ മക്തൂം പറഞ്ഞു. ബോണ്ടുകളിലൂടെ ഒരു ബില്യൺ ഡോളർ (3.67 ബില്യൺ ദിർഹംസ്) സമാഹരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.