ഡിജിറ്റൽ ഇന്ത്യ : ഫേസ് ബുക്ക് ബി എസ് എൻ എല്ലുമായി സഹകരിക്കുന്നു

Posted on: October 31, 2015

Wi-Fi-big

ന്യൂഡൽഹി : ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഗ്രാമങ്ങളിൽ ഇന്റർനെറ്റ് എത്തിക്കാൻ ഫേസ് ബുക്ക് ബി എസ് എൻ എല്ലുമായി ധാരണയിലെത്തി. ആദ്യഘട്ടത്തിൽ ഇരു സ്ഥാപനങ്ങളും ചേർന്ന് 100 ഗ്രാമങ്ങളിൽ വൈ ഫൈ ഹോട്ട് സ്‌പോട്ടുകൾ സ്ഥാപിക്കും. ബി എസ് എൻ എല്ലിൽ നിന്നും ബാൻഡ് വിഡ്ത്ത് വാങ്ങാൻ ഒരു വർഷത്തേക്ക് ഫേസ് ബുക്ക് 5 കോടി രൂപ മുടക്കും. മൂന്ന് വർഷത്തേക്കാണ് ഇപ്പോൾ കരാറായിട്ടുള്ളത്. വരുമാനം ഫേസ് ബുക്കും ബി എസ് എൻ എല്ലും ചേർന്ന് പങ്കുവയ്ക്കും.

തെരഞ്ഞെടുത്ത 25 ഗ്രാമങ്ങളിൽ പൈലറ്റ് പദ്ധതി നടപ്പാക്കി വരികയാണ്. ഉപഭോക്താക്കൾക്ക് ആദ്യത്തെ അര മണിക്കൂർ സൗജന്യമായി ഇന്റർനെറ്റ് ഉപയോഗിക്കാനാകും. ഒരേ സമയം 2000 പേർക്ക് ഉപയോഗിക്കാനാവും വിധം പുതുവർഷത്തോടെ 100 ഗ്രാമങ്ങളിലും വൈഫൈ അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ഫേസ് ബുക്ക്. വിജയകരമെന്നും കണ്ടാൽ ബി എസ് എൻ എല്ലുമായുള്ള മൂന്ന് വർഷത്തെ കരാർ രണ്ട് വർഷത്തേക്ക് കൂടി ദീർഘിപ്പിക്കും.

ഇതിനു പുറമെ ബി എസ് എൻ എൽ സ്വന്തം നിലയ്ക്ക് 2018 ടെ 40,000 കേന്ദ്രങ്ങളിൽ വൈ ഫൈ ഹോട്ട് സ്‌പോട്ടുകൾ സ്ഥാപിക്കാൻ ഒരുങ്ങുകയാണ്. ഇതിനായി 6,000 കോടി രൂപ മുതൽ മുടക്കും.