യെസ് ക്യാൻ 12 ന് കൊച്ചിയിൽ

Posted on: September 2, 2015

KSIDC-MD-Dr-Beena-IAS-press

കൊച്ചി : യുവസംരംഭകത്വ സംഗമത്തിന്റെ (യെസ്) രണ്ടാമത് പതിപ്പായ യെസ് ക്യാൻ 2015 നുള്ള തയ്യാറെടുപ്പുകൾ കെഎസ്‌ഐഡിസി പൂർത്തിയാക്കി. സെപ്റ്റംബർ 12ന് കൊച്ചിയിലെ ഹോട്ടൽ ക്രൗൺ പ്ലാസയിലാണ് സംഗമം. കണക്ടിവിറ്റി ആൻഡ് നെറ്റ്‌വർക്കിംഗ് (ക്യാൻ) എന്നതാണ് ഇത്തവണത്തെ വിഷയം. രാജ്യത്തെ സ്റ്റാർട്ടപ്പുകളെ പരസ്പരവും എയ്ഞ്ചൽ ഇൻവെസ്റ്റർമാരുമായും മികച്ച രീതിയിൽ ബന്ധിപ്പിക്കുകയും ഇൻകുബേറ്ററുകളെ ഒരു ശൃംഖലയാക്കുകയുമാണ് ലക്ഷ്യം. ഓരോ കോളജുകളിൽ നിന്നും പത്ത് വിദ്യാർഥികളേയും മൂന്ന് പ്രതിനിധികളേയും പ്രത്യേകം ക്ഷണിച്ചാണ് യെസ് ക്യാൻ 2015 സംഘടിപ്പിക്കുന്നത്.

വിജയിച്ച സ്റ്റാർട്ടപ്പുകളുടെ സ്ഥാപകരും സംരംഭകരും മികച്ച പ്രഫഷണലുകളും അംഗങ്ങളായുള്ള ഇന്ത്യൻ സോഫ്റ്റ്‌വേർ പ്രൊഡക്ട് ഇൻഡസ്ട്രി റൗണ്ട്‌ടേബിൾ (ഐഎസ്പിഐആർടി), പിഇ/വെൻച്വർ ക്യാപ്പിറ്റൽ/എയ്ഞ്ചൽ ഫണ്ടിംഗ് സ്ഥാപനങ്ങൾ അംഗങ്ങളായുള്ള ഇന്ത്യ പ്രൈവറ്റ് ഇക്വിറ്റി ആൻഡ് വെൻച്വർ ക്യാപ്പിറ്റൽ അസോസിയേഷൻ (ഐവിസിഎ) എന്നിവ കെഎസ്‌ഐഡിസിയെ പിന്തുണയ്ക്കും. യുവസംരംഭകരുമായി സംവദിക്കാൻ പ്രമുഖ സ്റ്റാർട്ടപ്പ് സ്ഥാപകരേയും സംരംഭകരേയും പിഇ/വിസി/ എയ്ഞ്ചൽ ഫണ്ടിംഗ് ഏജൻസികളേയും ഐവിസിഎ കൊണ്ടുവരും. പരിപാടിയുടെ ഘടന നിർണയിക്കുന്നതിലും ഇവരുടെ പിന്തുണയുണ്ടാകും.

12ന് രാവിലെ പത്തിന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സംഗമം ഉദ്ഘാടനം ചെയ്യും. വ്യവസായ ഐടി വകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിക്കും. തുടർന്നു നടക്കുന്ന സെഷനിൽ വളർന്നുവരുന്ന സംരംഭകരുമായി വിജയകരമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകളുടെ സ്ഥാപകരും വ്യവസായപ്രമുഖരും തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കും. രാജ്യത്തുടനീളമുള്ള മികച്ച സ്റ്റാർട്ടപ്പുകളുടെ സ്ഥാപകരെ കാണാനും അവരുമായി തങ്ങളുടെ ആശയങ്ങൾ പങ്കുവയ്ക്കാനും യുവസംരംഭകർക്ക് സാധിക്കും.

അതോടൊപ്പം ബിസിനസ് പ്രമുഖർ, വെൻച്വർ ക്യാപ്പിറ്റലിസ്റ്റുകൾ, ഏയ്ഞ്ചൽ ഫണ്ടുകൾ, കെഎസ്‌ഐഡിസി ഉന്നതർ തുടങ്ങിയവരുമായി പരിപാടിക്കിടയിൽ സംവദിക്കാനും പ്രതിനിധികൾക്ക് അവസരം ലഭിക്കും. കഴിഞ്ഞ തവണത്തേതുപോലെ ഇത്തവണയും സംഘടിപ്പിക്കുന്ന ഇന്നൊവേറ്റീവ് ഐഡിയ കോണ്ടസ്റ്റിലെ വിജയികൾക്ക് ഉദ്ഘാടനച്ചടങ്ങിൽ കാഷ് അവാർഡുകൾ വിതരണംചെയ്യും. പത്ത് നൂതനാശയങ്ങളാണ് മത്സരത്തിൽനിന്ന് തെരഞ്ഞെടുക്കുക. ഏറ്റവും മികച്ച ആശയത്തിന് ഒരുലക്ഷം രൂപയും രണ്ടാമത്തേതിന് 50,000 രൂപയും മൂന്നാമത്തേതിന് 30,000 രൂപയും സമ്മാനമായി ലഭിക്കും. മറ്റ് ഏഴ് ആശയങ്ങൾക്ക് 25,000 രൂപ വീതം പ്രോത്സാഹന സമ്മാനമായും നൽകും. 517 ആശയങ്ങളാണ് ഇതിനോടകം ലഭ്യമായിട്ടുള്ളത്.

സംഗമത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ഏതാനും ചില പദ്ധതികൾക്ക് തുടക്കമിട്ടിരുന്നു. അൻപത് യുവ മൊബൈൽ ആപ്ലിക്കേഷൻ ഡെവലപ്പർമാർക്ക് കേരള സ്റ്റാർട്ടപ്പ് മിഷൻ വഴി സ്റ്റാർട്ടപ്പ് ബോക്‌സുകൾ വിതരണം ചെയ്തതാണ് അവയിൽ പ്രധാനം. സംസ്ഥാനത്ത് വെഞ്ച്വറുകൾ തുടങ്ങാൻ താത്പര്യപ്പെടുന്നവർക്ക് ആവശ്യമായ എല്ലാ വിവരങ്ങളും ലഭ്യമാകുന്ന കേരള സ്റ്റാർട്ടപ്പ് മിഷന്റെ വെബ്‌സൈറ്റിനും തുടക്കമിട്ടിട്ടുണ്ട്. ഇതുകൂടാതെ നിരവധി പദ്ധതികൾ നടപ്പാക്കുന്നതിനുള്ള നടപടികൾ സർക്കാർ തുടങ്ങിക്കഴിഞ്ഞു.

കഴിഞ്ഞ യുവസംരംഭകത്വസംഗമത്തിൽ മുന്നോട്ടുവച്ച വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിനായി സർക്കാർ കെഎസ്‌ഐഡിസി വഴി ഒട്ടേറെ പദ്ധതികൾക്ക് രൂപംനൽകി. കേരള ഫിനാൻഷ്യൽ കോർപറേഷനും കേരള സ്റ്റാർട്ടപ്പ് മിഷനും (പഴയ ടെക്‌നോപാർക്ക് ടിബിഐ) ഇതിൽ പങ്കാളിത്തം വഹിക്കുന്നുണ്ട്. യെസിന്റെ ഭാഗമായി യുവ പ്രതിഭകൾക്കും സംരംഭകർക്കും ഇൻകുബേഷൻ സൗകര്യം, സാമ്പത്തിക പിന്തുണ, ഉപദേശ നിർദ്ദേശങ്ങൾ തുടങ്ങിയവയെല്ലാം കെഎസ്‌ഐഡിസി നൽകി വരുന്നു. കാക്കനാട് ഇൻഫോപാർക്കിൽ 4,200 ചതുരശ്രമീറ്ററിലായി സജ്ജീകരിക്കുന്ന ഇൻകുബേഷൻ സെന്ററിൽ 120 സീറ്റുകളാണ് ലക്ഷ്യമിടുന്നത്. ഇതിൽ ഇപ്പോൾ 12 കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. സജ്ജീകരണങ്ങൾ പൂർത്തിയാകുന്നതോടെ 25 കമ്പനികൾക്ക് ഇവിടെ പ്രവർത്തന സൗകര്യമുണ്ടാകും.

സ്വന്തം ഇൻകുബേഷൻ സെന്ററിനു പുറമേ, സംസ്ഥാനത്തെ ഐടി എൻജിനീയറിംഗ് ഇതര കോളജുകളിൽ ഇൻകുബേഷൻ സെന്ററുകളും നൈപുണ്യ വികസനകേന്ദ്രങ്ങളും കോർപ്പറേഷൻ സജ്ജീകരിച്ചു വരികയാണ്. കോളജുകൾ വഴി യുവസംരംഭകർക്ക് മെന്ററിംഗ് പിന്തുണ ലഭ്യമാക്കുന്നതിനായി ടിഐഇ, സിഐഐ എന്നിവയുമായി കോർപറേഷൻ ധാരണയിൽ ഏർപ്പെട്ടിട്ടുണ്ട്. വിദ്യാർഥിതലത്തിൽ തന്നെ സംരംഭകത്വം പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി മുഴുവൻ പൊലീസ് കേഡറ്റുകളിൽ നിന്നും നാലായിരം പേരെ തെരഞ്ഞെടുത്ത് ജില്ലാതലത്തിൽ പരിശീലനം നൽകാനുള്ള പദ്ധതിക്കും കെഎസ്‌ഐഡിസി രൂപം കൊടുത്തിട്ടുണ്ട്. സ്റ്റാർട്ടപ്പുകളെ സഹായിക്കുന്നതിനായി കോർപറേഷൻ സീഡ് ഫണ്ട് പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഒരു കമ്പനിക്ക് 25 ലക്ഷം രൂപ വരെയാണ് ഇത്തരത്തിൽ അനുവദിക്കുക. പത്തു കമ്പനികൾ ഇതിന്റെ അടിസ്ഥാനത്തിലുള്ള ധനസഹായം സ്വീകരിച്ചിട്ടുണ്ട്. മറ്റ് കുറേയേറെ നൂതന പദ്ധതികൾ പരിഗണനയിലുമാണ്.

കളമേശരിയിൽ 13.2 ഏക്കർ വരുന്ന കാമ്പസിൽ കേരള ടെക്‌നോളജി ഇന്നൊവേഷൻ സോണിന്റെ നിർമാണം കേരള സ്റ്റാർട്ടപ്പ് മിഷൻ ആരംഭിച്ചുകഴിഞ്ഞു. അഞ്ചുലക്ഷം ചതുരശ്ര അടി പ്രവർത്തന വിസ്തീർണം ഇതിനുണ്ടാകും. വിവിധ മേഖലകളിൽ നിന്നുള്ള ഇൻകുബേറ്ററുകൾ ഇവിടെ സജ്ജീകരിക്കുകയും അവ മുഖാന്തിരം ഓഫീസ്, ഡിസൈൻ സ്റ്റുഡിയോകൾ, ഓഡിറ്റോറിയങ്ങൾ, താമസസൗകര്യം തുടങ്ങിയവ ലഭ്യമാക്കുകയും ചെയ്യും.

TAGS: KSIDC | Yes Can 2015 |