ഇന്ത്യയിൽ ഒരു ട്രില്യൺ ഡോളറിന്റെ നിക്ഷേപ സാധ്യതകളെന്ന് മോദി

Posted on: August 17, 2015

Yusaf-Ali-with-namo-Big

അബുദാബി : ഇന്ത്യയിൽ ഒരു ട്രില്യൺ ഡോളറിന്റെ നിക്ഷേപ സാധ്യതകളുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മസദാർ സിറ്റിയിൽ ഇന്ത്യൻ എംബസി സംഘടിപ്പിച്ച യുഎഇയിലെ വ്യവസായപ്രമുഖരുടെ ഉന്നതതല നിക്ഷേപ സംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ടൂറിസം, ഇൻഫ്രസ്ട്രക്ചർ, എനർജി എന്നീ മേഖലകളിൽ വൻ സാധ്യതകളാണുള്ളത്. ഷോപ്പിംഗ് മാളുകളും ഹോട്ടലുകളും ഉൾപ്പടെ വാണിജ്യകേന്ദ്രങ്ങളായി വികസിപ്പിക്കാവുന്ന 500 റെയിൽവേ സ്റ്റേഷനുകൾ ഇന്ത്യയിലുണ്ട്. അടുത്ത ഏഴ് വർഷത്തിനുള്ളിൽ 50 ദശലക്ഷം ചെലവുകുറഞ്ഞ പാർപ്പിടങ്ങളാണ് ഇന്ത്യയ്ക്കു വേണ്ടതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

Yusaf-Ali-in-Namo-Business-

യോഗത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം എ യൂസഫലി ഉൾപ്പടെയുള്ള പ്രമുഖ പ്രവാസി ഇന്ത്യൻ വ്യവസായികളും പങ്കെടുത്തു. യുഎഇ ഇക്‌ണോമി മിനിസ്റ്റർ സുൽത്താൻ അൽ മൻസൗറിയുടെ നേതൃത്വത്തിൽ മോദിയെ സന്ദർശിച്ച യുഎഇ ഡെലിഗേഷൻ അംഗമായിരുന്നു പദ്മശ്രീ എം എ യൂസഫലി. ഇന്ത്യയിൽ റീട്ടെയ്ൽ, ഹോസ്പിറ്റാലിറ്റി മേഖലകളിൽ എം എ യൂസഫലി 5,000 കോടിയിലേറെ രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇന്നലെ എമിറേറ്റ്‌സ് പാലസ് ഹോട്ടലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം പ്രത്യേകം കൂടിക്കാഴ്ച നടത്തിയിരുന്നു.

നാഷണൽ ഓയിൽ കമ്പനി (അഡ്‌നോക്), ഡിപി വേൾഡ്, എമ്മാർ പ്രോപ്പർട്ടീസ്, അബു ദാബി ഇൻവെസ്റ്റ്‌മെന്റ് അഥോറിട്ടി, എമിറേറ്റ്‌സ് എയർലൈൻസ്, ഇത്തിസലാത്ത് തുടങ്ങിയ യുഎഇ കമ്പനികളുടെ സിഇഒമാരും ബി ആർ ഷെട്ടി, ജെ ആർ ഗംഗരമണി, റാം ബുക്‌സാനി, ഡോ. വി. പി. ഷംഷീർ തുടങ്ങിയവർ ഡെലിഗേഷനിൽ ഉൾപ്പെട്ടിരുന്നു.