ഇന്ത്യയിലേക്കുള്ള നിക്ഷേപം വർധിക്കുമെന്ന് എം എ യൂസഫലി

Posted on: August 16, 2015

Yusaf-Ali-2015-big

അബുദാബി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശനം ഇന്ത്യയിലേക്കുള്ള മൂലധന നിക്ഷേപം വർധിപ്പിക്കുമെന്ന് പ്രമുഖ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ പദ്മശ്രീ എം എ യൂസഫലി അഭിപ്രായപ്പെട്ടു. വിവിധ രാജ്യങ്ങളിലായി 1550 ലേറെ ബില്യൺ ഡോളറാണ് യുഎഇയുടെ വിദേശനിക്ഷേപം. എന്നാൽ ഇന്ത്യയിൽ നിക്ഷേപം നാമമാത്രമാണ്. പക്ഷെ യുഎഇയെ സംബന്ധിച്ചടത്തോടെ ഏറ്റവും വലിയ ട്രേഡിംഗ് പാർട്ണറാണ് ഇന്ത്യ. ഏകദേശം 28-30 ലക്ഷം ഇന്ത്യക്കാരാണ് യുഎഇയിലുള്ളതെന്ന് എം എ യൂസഫലി ചൂണ്ടിക്കാട്ടി.

യുഎഇയിലെ ഏറ്റവും പ്രമുഖരായ 15 ബിസിനസുകാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ബില്യൺ കണക്കിന് നിക്ഷേപം നടത്താൻ കഴിവുള്ളവരാണ് ഇവർ. ഞാൻ ഉൾപ്പടെ പ്രവാസി ഇന്ത്യക്കാരായ ഏതാനും വ്യവസായികളെയും കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ കൂടുതൽ മെച്ചപ്പെടുകയും യുഎഇയിൽ നിന്ന് കൂടുതൽ നിക്ഷേപം ഇന്ത്യയിൽ എത്തുമെന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നതെന്ന് അബുദാബി ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഡയറക്ടർ ബോർഡ് അംഗം കൂടിയായ എം എ യൂസഫലി പറഞ്ഞു.