ബിഎസ്എൻഎൽ വൈഫൈക്കായി 6000 കോടി മുതൽമുടക്കും

Posted on: August 1, 2015

BSNL-Wi-Fi-big

ന്യൂഡൽഹി : രാജ്യത്ത് വൈഫൈ ഹോട്ട്‌സ്‌പോട്ടുകൾ സ്ഥാപിക്കാൻ ബിഎസ്എൻഎൽ 6000 കോടി രൂപ മുതൽമുടക്കും. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 40,000 വൈഫൈ ഹോട്ട്‌സ്‌പോട്ടുകൾ സ്ഥാപിക്കാനാണ് ബിഎസ്എൻഎൽ ലക്ഷ്യം വയ്ക്കുന്നത്. 2015-16 ൽ 250 കേന്ദ്രങ്ങളിലായി 2,500 ഹോട്ട്‌സ്‌പോട്ടുകൾ സ്ഥാപിക്കുമെന്ന് ബിഎസ്എൻഎൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അനുപം ശ്രീവാസ്തവ പറഞ്ഞു.

ഉപകരണങ്ങളും അവയുടെ സ്ഥാപനവും എല്ലാം ബിഎസ്എൻഎൽ നേരിട്ടാണ് നിർവഹിക്കുന്നത്. നിലവിൽ 75 കേന്ദ്രങ്ങളിൽ വൈഫൈ ഹോട്ട്‌സ്‌പോട്ടുകൾ സ്ഥാപിച്ചുകഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ഇതിനു പുറമെ വൈഫൈ ഹോട്ട്‌സ്‌പോട്ടുകൾ സ്ഥാപിക്കാനും നടത്താനും അഞ്ച് വർഷത്തേക്ക് സെയിൽസ് മാനേജ്‌ചെയ്യാനും സ്വകാര്യമേഖലയിൽ നിന്ന് ബിഎസ്എൻഎൽ താത്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്.

ഒരു സ്ഥലത്ത് അഞ്ച് വൈഫൈ ഹോട്ട്‌സ്‌പോട്ടുകൾ സ്ഥാപിക്കാൻ ഏകദേശം 10 ലക്ഷം രൂപ ചെലവു വരും. ബിഎസ്എൻഎൽ ഓപ്ടിക് ഫൈബർ വഴി 100 എംബിപിഎസ് മുതൽ 1 ജിബിപിഎസ് വരെ വേഗതയുള്ള കണക്ടിവിറ്റി ലഭ്യമാക്കും. ബിഎസ്എൻഎല്ലിന് ഇന്ത്യയിൽ ഏഴ് ലക്ഷം കിലോമീറ്റർ ഓപ്റ്റിക്കൽ ഫൈബർ ശൃംഖലയുണ്ട്.