പുതിയ സൂയസ് കനാൽ ഓഗസ്റ്റിൽ തുറക്കും

Posted on: June 28, 2015

Suez-Canal-Big-a

കെയ്‌റോ : ഈജിപ്തിലെ പുതിയ സൂയസ് കനാൽ ഓഗസ്റ്റ് ആറിന് കപ്പൽഗതാഗതത്തിന് തുറന്നുകൊടുക്കും. ഡ്രെഡ്ജിംഗ് ജൂലൈ 15 ഓടെ പൂർത്തിയാകും. ഈജിപ്ത് പ്രസിഡന്റ് അനുമതി നൽകിയാൽ ഓഗസ്റ്റ് ആദ്യവാരം പുതിയ സൂയസ് കനാൽ തുറന്നുകൊടുക്കുമെന്ന് സൂയസ് കനാൽ അഥോറിട്ടി ചെയർമാൻ മൊഹബ് മമീഷ് പറഞ്ഞു. 10 മാസം മുമ്പാണ് 8 ബില്യൺ ഡോളർ മുതൽമുടക്കിൽ പുതിയ സൂയസ് കനാലിന്റെ നിർമാണം ആരംഭിച്ചത്.

പൂർണ സുരക്ഷിതമായ സമുദ്രപാതയായാണ് പുതിയ സൂയസ് കനാൽ വിഭാവനം ചെയ്തിട്ടുള്ളത്. യൂറോപ്പിനെയും ഏഷ്യയെയും ബന്ധിപ്പിക്കുന്ന തിരക്കേറിയ കപ്പൽചാലിൽ എല്ലാ കപ്പലുകൾക്കും സംരംക്ഷണം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മൊഹബ് മമീഷ് ചൂണ്ടിക്കാട്ടി. പുതിയ സൂയസ് കനാൽ ഗതാഗത സമയം 22 മണിക്കൂറിൽ നിന്ന് 11 മണിക്കൂറായി കുറയ്ക്കും. പഴയ സൂയസ് കാനലും പുതിയ കനാലും തമ്മിൽ നാല് ചാനലുകൾ വഴി ബന്ധിപ്പിച്ചിട്ടുണ്ട്.

145 വർഷം പഴക്കമുള്ള സൂയസ് കനാൽ ഈജിപ്തിന് പ്രതിവർഷം 5 ബില്യൺ ഡോളർ (32,000 കോടി രൂപ) വരുമാനം നേടിക്കൊടുക്കുന്നുണ്ട്. സൂയസ് കനാലിന് സമീപം ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ ആൻഡ് ലോജിസ്റ്റിക്‌സ് ഹബ് സ്ഥാപിക്കാനും ഈജിപ്ത് ലക്ഷ്യമിടുന്നു. ഇതു വഴി 100 ബില്യൺ ഡോളർ വരുമാനം നേടാനാവുമെന്നാണ് വിലയിരുത്തൽ.