എയർഇന്ത്യ 14 വിമാനങ്ങൾ ഡ്രൈലീസിന് എടുക്കുന്നു

Posted on: June 14, 2015

AirIndia-Airbus-A-320-big

ന്യൂഡൽഹി : എയർഇന്ത്യ 14 എയർബസ് എ 320 നിയോ വിമാനങ്ങൾ കുവൈത്തി ലീസിംഗ് കമ്പനിയിൽ നിന്നും ഡ്രൈലീസിന് എടുക്കാൻ തീരുമാനിച്ചു. പഴക്കംചെന്ന 19 എ 320 വിമാനങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ലീസർമാരുടെ ബിഡുകൾ പരിഗണിച്ചശേഷമാണ് കുവൈത്തി സ്ഥാപനത്തെ തെരഞ്ഞെടുത്തതെന്ന് എയർഇന്ത്യ വക്താവ് പറഞ്ഞു.

പത്ത് വർഷമാണ് ലീസിംഗ് കാലാവധി. 2017 ഏപ്രിലിനും 2018 മാർച്ച് 31 നും മധ്യേ കുവൈത്തി സ്ഥാപനം വിമാനങ്ങൾ കൈമാറും. 2018 ൽ തന്നെ വിമാനങ്ങൾ ഫ്‌ലീറ്റിൽ ഉൾപ്പെടുത്തും. നേരത്തെ കുവൈത്തിലെ അലാഫ്‌കോ ഏവിയേഷൻ ലീസ് ആൻഡ് ഫിനാൻസ് കമ്പനിയിൽ നിന്നും എയർഇന്ത്യ വിമാനങ്ങൾ പാട്ടത്തിന് എടുത്തിരുന്നു.

അഞ്ച് വിമാനങ്ങൾ ചൈന എയർക്രാഫ്റ്റ് ലീസിംഗ് കമ്പനിയിൽ നിന്നു ലീസിന് വാങ്ങാൻ ധാരണയായിരുന്നു. ഒരു വിമാനം ഫെബ്രുവരിയിൽ ചൈനീസ് കമ്പനി ഡെലിവറി നടത്തുകയും ചെയ്തു. മറ്റ് നാലു വിമാനങ്ങൾ ഒക് ടോബറിൽ ലഭിക്കും.

നിലവിൽ എ 319, എ 320, എ 321 വിഭാഗങ്ങളിലുള്ള 63 നാരോ ബോഡി എയർക്രാഫ്റ്റുകളാണ് എയർഇന്ത്യ ഫ്‌ലീറ്റിലുള്ളത്. ഇവയിൽ 26 വർഷം പഴക്കമുള്ള ഏതാനും എ 320 വിമാനങ്ങളുമുണ്ട്.