കരിപ്പൂരിൽ വെടിവയ്പ്പ് ഒരാൾ കൊല്ലപ്പെട്ടു റൺവേ അടച്ചു

Posted on: June 11, 2015

Calicut-Airport-big

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ വെടിവയ്പ്പ്. ഒരു സിഐഎസ്എഫ് ജവാൻ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റു. കരിപ്പൂർ വിമാനത്താവളത്തിലെ റൺവേ അനിശ്ചിതകാലത്തേക്ക് അടച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി എൻ. കെ. ഗോയൽ ഡിജിപിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

എയർപോർട്ട് അഥോറിട്ടി ഓഫ് ഇന്ത്യ ജീവനക്കാരും സിഐഎസ്എഫ് സുരക്ഷാഭടൻമാരും തമ്മിലുള്ള തർക്കമാണ് വൈകുന്നേരം മുതൽ സംഘർഷത്തിലും വെടിവയ്പ്പിലും കലാശിച്ചത്. എസ് എസ് യാദവ് എന്ന സിഐഎസ്എഫ് ജവാനാണ് കൊല്ലപ്പെട്ടത്.

വെടിവയ്പ്പിനെ തുടർന്ന് രണ്ട് വിമാനങ്ങൾ കൊച്ചിയിലേക്ക് തിരിച്ചുവിട്ടു. മുംബൈയിൽ നിന്ന് എത്തിയ ഇൻഡിഗോ വിമാനവും ഷാർജയിൽ നിന്ന് എത്തിയ എയർഇന്ത്യ എക്‌സ്പ്രസ് വിമാനവുമാണ് വഴിതിരിച്ചുവിട്ടത്. വിമാനത്താവളത്തിന്റെ പ്രവർത്തനം സ്തംഭിച്ചിരിക്കുകയാണ്. പുലർച്ചെ നിരവധി വിമാനങ്ങൾ എത്താനുണ്ട്.

വെടിവയ്പ്പിനെ തുടർന്ന് സ്ഥലത്ത് എത്തിയ കേരള പോലീസ് വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. വിമാനത്താവളത്തിന് പുറത്തുണ്ടായിരുന്ന ആളുകളെ പോലീസ് ഒഴിപ്പിച്ചു. ഫയർടെൻഡറുകൾ റൺവേയിൽ നിരത്തിയിട്ട് ജീവനക്കാർ പ്രതിഷേധിക്കുകയാണ്. വിമാനങ്ങളുടെ ലാൻഡിംഗിനും ടേക്ക്ഓഫിനും ആവശ്യമായ നിർദേശങ്ങൾ നൽകാൻ എയർട്രാഫിക് കൺട്രോളിൽ ആരുമില്ല.

മലപ്പുറം എസ്പിയുടെ നേതൃത്വത്തിൽ ലോക്കൽ പോലീസും എംഎസ്പി ഭടൻമാരും വിമാനത്താവളത്തിൽ എത്തിയിട്ടുണ്ട്. ഉത്തരമേഖല എഡിജിപി ശങ്കർ റെഡി സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സിഐഎസ്എഫ് മേധാവിയുമായി ടെലിഫോണിൽ സംസാരിച്ചു. അതീവ സുരക്ഷ മേഖലയായ എയർപോർട്ടിൽ സംഘർഷവും വെടിവയ്പ്പുമുണ്ടായ സാഹചര്യം ഗൗരവത്തോടെയാണ് കേന്ദ്രസർക്കാർ വീക്ഷിക്കുന്നത്.