മൊബൈല്‍ ആപ്പിലൂടെ ഇന്‍വെസ്റ്റ് ചെയ്യാനുള്ള സംവിധാനവുമായി ഫെഡറല്‍ ബാങ്ക്

Posted on: October 8, 2021

കൊച്ചി: മൊബൈല്‍ ആപ്പിലൂടെ ഇന്‍വെസ്റ്റ് ചെയ്യാനുള്ള ഡിജിറ്റല്‍ സംവിധാനം ഫെഡറല്‍ ബാങ്ക് അവതരിപ്പിച്ചു. ഇക്യുറസ് വെല്‍ത്തുമായി ചേര്‍ന്നാണ് ഫെഡറല്‍ ബാങ്ക് പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. ബാങ്കിന്റെ മൊബൈല്‍ ബാങ്കിംഗ് ആപ്പായ ഫെഡ്‌മൊബൈലിലാണ് സംവിധാനം സജ്ജമാക്കിയിരിക്കുന്നത്.

പ്രസ്തുത സംവിധത്തിലൂടെ, രണ്ട് മിനുട്ടിനുള്ളില്‍ ഇന്‍വെസ്റ്റ്‌മെന്റ് അക്കൗണ്ട് തുറക്കാനും ഞൊടിയിടയില്‍ ഇടപാട് നടത്താനും സാധിക്കുന്നതാണ്.

രാജ്യത്തെ എല്ലാ പ്രമുഖ അസറ്റ് മാനേജ്‌മെന്റ് സ്ഥാപനങ്ങളില്‍ നിന്നുമുള്ള ഇക്വിറ്റി, ഡെറ്റ്, ഹൈബ്രിഡ്, സൊല്യൂഷന്‍-ഓറിയന്റഡ് ഫണ്ടുകള്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലായി മ്യൂച്വല്‍ ഫണ്ടുകളുടെ മുഴുവന്‍ ശ്രേണിയും ഈ സംവിധാനത്തില്‍ ലഭ്യമാണ്. കൃത്യമായ ഇടവേളകളില്‍ പണം നിക്ഷേപിക്കുന്നതിനും ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പത്ത് സ്വരൂപിക്കുന്നതിനും സഹായിക്കുന്ന സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ് പ്ലാന്‍ (എസ്.ഐ.പി.) ആരംഭിക്കാനും ഈ സംവിധാനത്തിലൂടെ സാധിക്കും.

പുതിയ നിക്ഷേപകര്‍ക്കും സീസണല്‍ നിക്ഷേപകര്‍ക്കും നിക്ഷേപം നടത്തുന്നതിനും ആസൂത്രണം ചെയ്യുന്നതിനും തങ്ങള്‍ അവതരിപ്പിച്ച സംവിധാനം വളരെ സഹായകരമായിരിക്കുമെന്ന് ഫെഡറല്‍ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടറും റീട്ടെയ്ല്‍ ബിസിനസ് ഹെഡുമായ ശാലിനി വാര്യര്‍ പറഞ്ഞു.

ലോകം സാങ്കേതിക യുഗത്തിലേക്ക് പോകുന്ന ഈ കാലഘട്ടത്തില്‍ ഏറ്റവും മികച്ച ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം നല്‍കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ഇടപാടുകാരുടെ എല്ലാ സാമ്പത്തിക ആവശ്യങ്ങള്‍ക്കുമുതകുന്ന പരിഹാരമായിരിക്കും പുതിയ സംവിധാനമെന്നും ഇക്വിറസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അജയ് ഗാര്‍ഗ് പറഞ്ഞു.

ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ്. ഡിവൈസുകളില്‍ നിന്ന് ഗൂഗിള്‍ പ്ലേ വഴിയോ ആപ് സ്റ്റോര്‍ വഴിയോ ഫെഡ്‌മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.

TAGS: Federal Bank |