‘പേ ടു കോണ്‍ടാക്റ്റ്സ്’ സൗകര്യവുമായി എയര്‍ടെല്‍ പേയ്മന്റ്സ് ബാങ്ക്

Posted on: July 10, 2021

ന്യൂഡല്‍ഹി : വരിക്കാര്‍ക്ക് ഫോണിലെ കോണ്‍ടാക്റ്റ് പട്ടികയില്‍ നിന്നും മൊബൈല്‍ നമ്പര്‍ തെരഞ്ഞെടുത്ത് യുപിഐ പേയ്മെന്റ് നടത്താവുന്ന ‘പേ ടു കോണ്‍ടാക്റ്റ്സ്’ സംവിധാനം അവതരിപ്പിച്ച് എയര്‍ടെല്‍ പേയ്മെന്റ്സ് ബാങ്ക്.

പണം സ്വീകരിക്കേണ്ടയാളുടെ യുപിഐ ആപ്പ് ഏതായിരുന്നാലും കോണ്‍ടാക്റ്റുമായി ബന്ധപ്പെട്ട യുപിഐ ഐഡി ഉണ്ടായാല്‍ മാത്രം മതി ‘പേ ടു കോണ്‍ടാക്റ്റ്സി’ല്‍ ഡിസ്പ്ലേ ഉണ്ടാകും. യുപിഐ ഐഡിയോ ബാങ്ക് വിവരങ്ങളോ ഒന്നും ഇല്ലാതെ തന്നെ പേയ്മെന്റ് നടത്താനുള്ള സൗകര്യമാണ് ഇതോടെ ലഭ്യമാകുന്നത്. സമയവും ലാഭിക്കാം.

ഭിം യുപിഐയില്‍ കോണ്‍ടാക്റ്റ് തെരഞ്ഞെടുത്ത് പേ മണി ടു കോണ്‍ടാക്റ്റ്സ് ഒപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ വരിക്കാരന് പേയ്മെന്റ് നടത്താന്‍ അവസരം ഒരുങ്ങുകയായി. വരിക്കാര്‍ക്ക് ലളിതവും സുരക്ഷിതവും തടസമില്ലാത്തതുമായ പേയ്മെന്റ് അനുഭവമാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും പേ ടു കോണ്‍ടാക്റ്റ് അവതരിപ്പിക്കുന്നതിലൂടെ ഉപയോക്താവിന് ബാങ്ക് വിവരങ്ങള്‍ അല്ലെങ്കില്‍ യുപിഐ ഐഡി ഓരോ തവണയും നല്‍കുന്നതിന്റെ ആശങ്ക ഒഴിവാക്കാമെന്നും ഈ സൗകര്യം വരിക്കാര്‍ക്ക് സൗകര്യപ്രദമാകുമെന്ന് വിശ്വസിക്കുന്നതായും എയര്‍ടെല്‍ പേയ്മെന്റ്സ് ബാങ്ക് ചീഫ് ഓപറേറ്റിംഗ് ഓഫീസര്‍ ഗണേശ് അനന്തനാരായണന്‍ പറഞ്ഞു.

വരിക്കാര്‍ക്ക് ഇനി എയര്‍ടെല്‍ താങ്ക്സ് ആപ്പില്‍ നിന്നും വീഡിയോ കോളിലൂടെ ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ എയര്‍ടെല്‍ പേയ്മെന്റ്സ് ബാങ്ക് അക്കൗണ്ട് തുറക്കാം. ഡിജിറ്റല്‍ സേവിംഗ്സ് അക്കൗണ്ട് -റിവാര്‍ഡ്സ് 123യും ബാങ്ക് ഓഫര്‍ ചെയ്യുന്നുണ്ട്. അക്കൗണ്ട് ഉപയോഗിച്ച് ഡിജിറ്റലായി പണം ട്രാന്‍സ്ഫര്‍ ചെയ്യുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഇതുവഴി കൂടുതല്‍ മൂല്യം ലഭിക്കുന്നു.