എയര്‍ടെല്‍ പേയ്മെന്റ്സ് ബാങ്ക്, പാര്‍ക്ക്+ സഹകരണത്തില്‍ ഫാസ്ടാഗ് അധിഷ്ഠിത സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം

Posted on: January 7, 2022

ന്യൂഡല്‍ഹി : ഇന്ത്യയിലെ പ്രമുഖ ഫാസ്ടാഗ് വിതരണക്കാരിലൊന്നായ എയര്‍ടെല്‍ പേയ്മെന്റ്സ് ബാങ്ക് പാര്‍ക്ക് പ്ലസുമായി (പാര്‍ക്ക്+) ചേര്‍ന്ന് ഫാസ്ടാഗ് അധിഷ്ഠിത സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ഒരുക്കുന്നു. രാജ്യത്തുടനീളമുള്ള വാണിജ്യ സമുച്ചയങ്ങളിലും റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളിലും സംവിധാനം ഒരുക്കും. ഫാസ്ടാഗിലൂടെ ഓട്ടോമാറ്റിക് പാര്‍ക്കിംഗ് സംവിധാനം ഒരുക്കുന്നതില്‍ മാര്‍ക്കറ്റ് ലീഡറാണ് പാര്‍ക്ക് പ്ലസ്. ഇന്ത്യയിലെ ഭൂരിഭാം പാര്‍ക്കിംഗ് ഫാസ്ടാഗ് ഇടപാടുകളും പാര്‍ക്ക് പ്ലസ് സംവിധാനത്തിലൂടെയാണ് നിലവില്‍ നടക്കുന്നത്.

വാഹനവുമായി ബന്ധപ്പെട്ട ഫാസ്ടാഗ് ഉപയോഗിച്ച് പാര്‍ക്കിംഗ് സംവിധാനം ഡിജിറ്റല്‍വല്‍ക്കരിക്കുന്നതിന് എയര്‍ടെലിന്റെ വിതരണ വ്യാപ്തിയും പേയ്മെന്റ്സ് ബാങ്കിന്റെ സൗകര്യവും ഉപയോഗപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. ഫാസ്ടാഗുമായി ബന്ധപ്പെട്ട വിതരണം, ഏറ്റെടുക്കല്‍, റീചാര്‍ജ്, സാങ്കേതിക പിന്തുണ തുടങ്ങി മുഴുവന്‍ സേവനങ്ങളും പാര്‍ക്ക് പ്ലസ് ലഭ്യമാക്കും.

ഫാസ്ടാഗ് വിതരണക്കാരില്‍ രാജ്യത്തെ ആദ്യ അഞ്ചു സ്ഥാനക്കാരില്‍ എയര്‍ടെല്‍ പേയ്മെന്റ്സ് ബാങ്ക് ഉണ്ട്. ബാങ്കിന്റെ ഡിജിറ്റല്‍ സമീപനം ഫാസ്ടാഗ് വിഭാഗത്തിലും പ്രമുഖ സ്ഥാനം നേടികൊടുത്തു. എയര്‍ടെല്‍ താങ്ക്സ് ആപ്പിലെ ബാങ്കിംഗ് സെക്ഷനില്‍ ഏതാനും ക്ലിക്കിലൂടെ ഉപഭോക്താവിന് ഫാസ്ടാഗ് വാങ്ങാം. പാര്‍ക്ക് പ്ലസ് കണ്‍ട്രോള്‍ സംവിധാനം 1500ലധികം സാമൂഹിക ഇടങ്ങളിലും 30ലധികം മാളുകളിലും 150ല്‍പ്പരം കോര്‍പറേറ്റ് പാര്‍ക്കുകളിലും സ്ഥാപിക്കുന്നുണ്ട്. രാജ്യത്തെ ഏറ്റവും വലിയ പാര്‍ക്കിങ് പ്രായോജകര്‍ എന്ന നിലയില്‍ ഈ സ്ഥലങ്ങളില്‍ 10,000ത്തിലധികം ഇലക്ട്രിക്ക് ചാര്‍ജറുകള്‍ വിന്യസിക്കാന്‍ ഒരുങ്ങുകയാണ് പാര്‍ക്ക് പ്ലസ്.

പാര്‍ക്കിംഗ് ഫീ പേയ്മെന്റില്‍ തുടങ്ങുന്ന സഹകരണം വാഹനവുമായി ബന്ധപ്പെട്ട ഫാസ്ടാഗിലൂടെ ഓട്ടോമാറ്റിക്കായി കാഷ്ലെസ് പേയ്മെന്റിനുള്ള സൗകര്യമാണ് ഇരുവരും ചേര്‍ന്ന് ഒരുക്കുന്നത്. സന്ദര്‍ശകര്‍ക്ക് ക്യൂവില്‍ കിടന്ന് ഇനി സമയം കളയേണ്ടതില്ല. ദക്ഷിണ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ പാര്‍ക്കിങ് സ്ഥലങ്ങളില്‍ നിലവില്‍ സംവിധാനം ഉണ്ട്. ഉടനെ തന്നെ ഔറംഗബാദ് വിമാനത്താവളത്തിലും ഗുരുഗ്രാമിലെ 32-ാം അവന്യുവിലും ലഭ്യമാകും.

പാര്‍ക്ക് പ്ലസിന്റെ ടോള്‍ മുന്‍കൂട്ടി അറിയിക്കല്‍, ബാലന്‍സ് അലര്‍ട്ടുകള്‍, ഓട്ടോമാറ്റിക് റീചാര്‍ജ് ടോപ്പ്-അപ്പുകള്‍ തുടങ്ങിയ സംവിധാനങ്ങള്‍ എയര്‍ടെല്‍ ഫാസ്ടാഗ് വിരിക്കാര്‍ക്ക് ലഭ്യമാകും.
ഫാസ്ടാഗ് അധിഷ്ഠിത പാര്‍ക്കിംഗ് സൗകര്യം ഒരുക്കുന്നതിനായി പാര്‍ക്ക് പ്ലസുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും കൂടുതല്‍ ആളുകളും സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കാന്‍ താല്‍പര്യപ്പെടുന്ന ഈ കാലത്ത് ഇത്തരം സൗകര്യങ്ങള്‍ അവര്‍ക്ക് സമയ ലാഭവും സുഖമമായ യാത്രാ അനുഭവങ്ങളും പകരുമെന്നും എയര്‍ടെല്‍ പേയ്മെന്റ്സ് ബാങ്ക് സിഒഒ ഗണേശ് അനന്തനാരായണന്‍ പറഞ്ഞു.

ഫാസ്ടാഗ് ആവാസ വ്യവസ്ഥ കൂടുതല്‍ വിപുലമാക്കുന്നതിലേക്ക് ഉറ്റു നോക്കുകയാണെന്നും എയര്‍ടെല്‍ പേയ്മെന്റ്സ് ബാങ്കുമായുള്ള സഹകരണം ഈ ദിശയിലേക്കുള്ള ചുവടുവയ്പ്പാണെന്നും എല്ലാ കാറുടമകളുടെയും ഡിഫോള്‍ട്ട് വാലറ്റാകാനുള്ള ശേഷി ഫാസ്ടാഗിനുണ്ടെന്നും തങ്ങളുടെ സംവിധാനങ്ങളിലൂടെ കാര്‍ ഉടമകള്‍ക്ക് ആഹ്ളാദം പകരുന്നതിന് പാര്‍ക്കിംഗ് ഡിജിറ്റല്‍വല്‍ക്കരണം പോലുള്ള സൗകര്യം ഒരുക്കാന്‍ പറ്റിയ പങ്കാളിയോടൊപ്പം പ്രവര്‍ത്തിക്കാനാണ് താല്‍പര്യമെന്നും പാര്‍ക്ക് പ്ലസ് സ്ഥാപകനും സിഇഒയുമായ അമിത് ലഖോത്തിയ പറഞ്ഞു.

രാജ്യമൊട്ടാകെ എന്‍ഇടിസി ഫാസ്ടാഗ് സംവിധാനത്തിലുള്ള പാര്‍ക്കിംഗിന് സാക്ഷ്യം വഹിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഇത്തരം സംരംഭങ്ങള്‍ എന്‍ഇടിസി ഫാസ്ടാഗിന്റെ തന്ത്രപരമായ വളര്‍ച്ചയ്ക്ക് മൂല്യം വര്‍ധിപ്പിക്കുമെന്നും എയര്‍ടെല്‍ പേയ്മെന്റ്സ് ബാങ്ക് ഉപഭോക്താക്കള്‍ക്ക് പാര്‍ക്ക് പ്ലസിലൂടെ ഇനി ബുദ്ധിമുട്ടുകളില്ലാത്ത പാര്‍ക്കിംഗ് അനുഭവിക്കാനാകുമെന്ന് വിശ്വസിക്കുന്നതായും പാര്‍ക്കിംഗ് ഫീസ് നല്‍കാനുള്ള സമയ നഷ്ടം ഒഴിവാകുന്നതോടൊപ്പം സുരക്ഷിതവും കാഷ്ലെസ് യാത്രയ്ക്കുമായി അവരെ ശാക്തീകരിക്കുമെന്നും എന്‍പിസിഐ സിഒഒ പ്രവീണ റായ് പറഞ്ഞു.