സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്സ് ക്ലബ്സ് അവാര്‍ഡുകള്‍ നല്‍കി

Posted on: March 15, 2021

കൊച്ചി : സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്സ് ക്ലബ്ബ്സ് കേരളയുടെ (എസ്.എഫ്.ബി.സി.കെ.) 2020 വര്‍ഷത്തെ ബെസ്റ്റ് ബാങ്കര്‍ അവാര്‍ഡ് ഫെഡറല്‍ ബാങ്ക് എം.ഡി.യും സി.ഇ.ഒ.യുമായ ശ്യാം ശ്രീനിവാസനും ബിസിനസ് മാന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം മുത്തൂറ്റ് ഫിനാന്‍സ് എം.ഡി. ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റിനും സമ്മാനിച്ചു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മിസോറം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ളയാണ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്.

പൊതുമേഖലാ വിഭാഗത്തില്‍ ഇന്ത്യന്‍ ബാങ്ക് (ബെസ്റ്റ് ബാങ്ക്), എസ്.ബി.ഐ. (ബെസ്റ്റ് ഡിജിറ്റലി അഡ്വാന്‍സ്ഡ് ബാങ്ക്) പുരസ്‌കാരങ്ങള്‍ നേടി.

സ്വകാര്യ മേഖലയില്‍ ഫെഡറല്‍ ബാങ്ക് ബെസ്റ്റ് ബാങ്കായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാം സ്ഥാനത്ത് തമിഴ്നാട് മെര്‍ക്കന്റൈല്‍ ബാങ്കും മൂന്നാമത് ആര്‍.ബി.എല്‍. ബാങ്കും അവാര്‍ഡ് നേടി. ന്യൂജനറേഷന്‍ ബാങ്കുകളില്‍ എച്ച്.ഡി.എഫ്.സി., ഇന്‍ഡസ് ഇന്‍ഡ്, കൊട്ടക് മഹീന്ദ്ര എന്നിവയാണ് യഥാക്രം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ബെസ്റ്റ് ബാങ്ക് അവാര്‍ഡ് നേടിയത്. സിറ്റി യൂണിയന്‍ ബാങ്ക് സ്‌പെഷല്‍ ജൂറി അവാര്‍ഡിന് അര്‍ഹരായി. ഗ്രാമീണ വികസനത്തില്‍ കേരളത്തിലെ മികച്ച ബാങ്കിനുള്ള അവാര്‍ഡ് കേരള ഗ്രാമീണ്‍ ബാങ്ക് നേടി. കേരളത്തിലെ വിവിധ ബാങ്ക് ശാഖകളും പുരസ്‌കാരങ്ങള്‍ നേടി.

വിവിധ ബാങ്കുകളുടെ മേധാവികളും സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്സ് ക്ലബ്ബ്സ് കേരള മുഖ്യ രക്ഷാധികാരി എബ്രഹാം തരിയന്‍, പ്രസിഡന്റ് ജോസ് വി. ജോസഫ്, ജനറല്‍ സെക്രട്ടറി കെ.യു. ബാലകൃഷ്ണന്‍ എന്നിവരും യോഗത്തില്‍ സംബന്ധിച്ചു.