സാമ്പത്തിക സേവനരംഗത്ത് തൊഴിലവസരങ്ങൾ : എൻ എസ് ഡി സി, എയർടെൽ പേമെന്റ്‌സ് ബാങ്കുമായി ധാരണ

Posted on: July 24, 2020

കൊച്ചി : എയര്‍ടെല്‍ പേയ്മെന്റ്സ് ബാങ്കും ദേശീയ നൈപുണ്യ വികസന കോര്‍പറേഷനും (എന്‍എസ്ഡിസി) ചേര്‍ന്ന് സാമ്പത്തിക സേവന വ്യവസായിക രംഗത്ത് തൊഴില്‍ അവസരങ്ങള്‍ കണ്ടെത്തുന്നതിനായി ഗ്രാമീണ യുവക്കാള്‍ക്ക് വിദഗ്ധ പരിശീലനം നല്‍കുന്നു.

ബാങ്കിംഗ്, പേമെന്റ്‌സ്, ഇന്‍ഷുറന്‍സ് തുടങ്ങിയ സാമ്പത്തിക സേവനങ്ങള്‍ രാജ്യത്ത് ത്വരിതഗതിയിലാണ് വളരുന്നത്. പ്രത്യേകിച്ച് ഗ്രാമീണ വിപണികളിലും ചെറുപട്ടണങ്ങളിലും. സാമ്പത്തിക ഉള്‍പ്പെടുത്തല്‍ എന്ന സര്‍ക്കാര്‍ നയത്തിന് അനുസൃതമായാണ് അവസരങ്ങളും ഒരുങ്ങുന്നത്. വളര്‍ന്നു വരുന്ന വിപണികളിലെ യുവജനങ്ങള്‍ക്കാണ്  ഏറ്റവും കൂടുതല്‍ സാധ്യതകള്‍.

ഈ സഹകരണത്തിലൂടെ എന്‍എസ്ഡിസിയുടെ പരിചയസമ്പത്തും ആഴമേറിയ പരിശീലന സൗകര്യങ്ങളും എയര്‍ടെല്‍ പേമെന്റ്‌സ് ബാങ്കിന്റെ വിപുലമായ നെറ്റ് വർക്കും
രൂപകല്‍പ്പനയിലെ കാഴ്ചപ്പാടും യുവജനങ്ങളുടെ നൈപുണ്യ വികസനത്തിന് ഉപകാരപ്രദമാകും.

സാമ്പത്തിക സേവന രംഗത്ത് ബിസിനസ് കറസ്പോണ്ടന്റ്, ഫീല്‍ഡ് സെയില്‍സ് എക്സിക്യൂട്ടീവ് തുടങ്ങിയ എന്‍ട്രി തല ജോലികള്‍ക്കുള്ള പരിശീലനമാണ് നൈപുണ്യ വികസന പരിപാടിയിലൂടെ നല്‍കുന്നത്. രാജ്യത്ത് സ്മാര്‍ട്ട്ഫോണ്‍, 4ജി നെറ്റ്വര്‍ക്കുകള്‍ എന്നിവ വളര്‍ച്ചയില്‍ കുതിക്കുമ്പോള്‍ ഓണ്‍ലൈന്‍ ബാങ്കിംഗ്, ഡിജിറ്റല്‍ സാമ്പത്തിക സേവനങ്ങള്‍ തുടങ്ങിയവയ്ക്കുള്ള ഡിജിറ്റല്‍ ടൂളുകളിലേക്കുള്ള മാറ്റങ്ങള്‍ക്കായിരിക്കും കൂടുതല്‍ ശ്രദ്ധ നല്‍കുക.

എയര്‍ടെല്‍ പേമെന്റ്‌സ് ബാങ്കിനും എന്‍എസ്ഡിസിക്കുമുള്ള വ്യവസായ ബന്ധങ്ങള്‍, പങ്കെടുക്കുന്നവര്‍ക്ക് അനുയോജ്യമായ ജോലികള്‍ കണ്ടെത്തുന്നതിന് ഉപയോഗിക്കും. വിദഗ്ധ പരിശീലനത്തിലൂടെ പങ്കെടുക്കുന്നവരെ സംരംഭകരാകാനും പ്രോല്‍സാഹിപ്പിക്കും. അതുവഴി പ്രാദേശികമായി തന്നെ സാമ്പത്തിക സേവന വിതരണക്കാര്‍, റീസെല്ലേഴ്സ് തുടങ്ങിയ മേഖലകളില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സഹകരണം വഴിയൊരുക്കും. കൂടാതെ എയര്‍ടെല്‍ പേയ്മെന്റ്സ് ബാങ്ക് എന്‍എസ്ഡിസിയുടെ പരിശീലന കേന്ദ്രങ്ങളില്‍ ഡിജിറ്റല്‍ ബാങ്കിംഗിനെ കുറിച്ച് ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കും. ഈ സെഷനുകളില്‍ ഡിജിറ്റല്‍ ബാങ്കിംഗ് പരിചയപ്പെടുന്നതിനും അവസരം ഉണ്ടാകും.

എന്‍എസ്ഡിസിയുടെ ഡിജിറ്റല്‍ വൈദഗ്ധ്യ ദൗത്യമായ ഇ-സ്‌ക്കില്‍ ഇന്ത്യയിലേക്കും സഹകരണം നീളും. ഇതിനായി പ്രത്യേക പഠന മോഡ്യൂളുകള്‍ ഉണ്ടാകും. സാമ്പത്തിക ഉള്‍പ്പെടുത്തല്‍ ജനങ്ങളെ ശാക്തീകരിച്ച് രാജ്യത്തിന്റെ വളര്‍ച്ചയെ സഹായിക്കുമെന്നും എയര്‍ടെല്‍ പേമെന്റ്‌സ് ബാങ്കുമായുള്ള തന്ത്രപധാനമായ ഈ സഹകരണത്തിലൂടെ ഗ്രാമീണ-അര്‍ധ ഗ്രാമീണ മേഖലകളിലെ യുവജനങ്ങള്‍ക്ക് സാമ്പത്തിക, ബങ്കിംഗ് സേവനങ്ങളില്‍ പരിശീലനം നല്‍കുകയാണ് ലക്ഷ്യമെന്നും എന്‍എസ്ഡിസി എംഡിയും സിഇഒയുമായ ഡോ.മനീഷ് കുമാര്‍ പറഞ്ഞു.

ലോകത്തെ ഏറ്റവും വലിയ യുവജനമാണ് ഇന്ത്യയുടേതെന്നും ഇവരില്‍ ഭൂരിഭാഗവും ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളില്‍ കഴിയുന്നവരാണെന്നും ഇവരെയും ഇന്ത്യയുടെ വളര്‍ച്ചയുടെ ഭാഗമാക്കി ആഗ്രഹങ്ങളും സ്വപ്നങ്ങളും സഫലമാക്കണമെന്നും വിശ്വസിക്കുന്നുവെന്നും എന്‍എസ്ഡിസിയുമായി ചേര്‍ന്ന് നമ്മുടെ യുവാക്കളെ ശാക്തീകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും എയര്‍ടെല്‍ പേമെന്റ്‌സ് ബാങ്ക് മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ അനുബ്രത ബിശ്വാസ് പറഞ്ഞു.