ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസേര്‍ച്ചുമായി ഐസിഐസിഐ ഫൗണ്ടേഷന്‍ ധാരണാപത്രം ഒപ്പുവെച്ചു

Posted on: February 27, 2020

കൊച്ചി: ഗ്രാമീണ മേഖലയുടെ പുരോഗതി ലക്ഷ്യമിട്ട് കാര്‍ഷിക മേഖലയില്‍ വളര്‍ച്ച കൈവരിക്കുന്നതിന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസേര്‍ച്ചുമായി ധാരണാപത്രം ഒപ്പിട്ട് ഐസിഐസിഐ ഗ്രൂപ്പിന്റെ സാമൂഹികപ്രതിബദ്ധത വിഭാഗമായ ഐസിഐസിഐ ഫൗണ്ടേഷന്‍. ധാരണാപത്രം അനുസരിച്ച് ഐസിഎആറിന്റെ അറിവും ഗവേഷണവും നിലവില്‍ ഐസിസിഐ ഫൗണ്ടേഷന്‍ 29 സംസ്ഥാനങ്ങളില്‍ ആയി 1000 ഗ്രാമങ്ങളിലെ കര്‍ഷകര്‍ക്ക് നല്‍കുന്ന പരിശീലന പദ്ധതിക്ക് വേണ്ടി ഉപയോഗിക്കും. കൂടാതെ കര്‍ഷകരുടെ ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടി ഭാവിയില്‍ പുതിയ കോഴ്‌സുകളും ഐസിഎആറുമായി ചേര്‍ന്ന് ആവിഷ്‌കരിക്കും.

കര്‍ഷകര്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ പരിശീലനം എങ്ങനെ സംഘടിപ്പിക്കാം എന്ന് പരിശോധിക്കുകയും സാങ്കേതികജ്ഞാനം പരസ്പരം പങ്കു വയ്ക്കുകയും ചെയ്യും. കാര്‍ഷിക അനുബന്ധ പ്രവൃത്തികളിലൂടെ സുസ്ഥിരമായ ഉപജീവനം ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതികളിലും ശ്രദ്ധ കേന്ദ്രീകരിക്കും. എസിഐസിഐ ഫൗണ്ടേഷന്‍ പ്രസിഡണ്ട് സൗരഭ് സിംഗ്, ഐസിഎആര്‍ ഡയറക്ടര്‍ ജനറല്‍ ഡോക്ടര്‍ ത്രിലോചന്‍ മോഹപത്ര എന്നിവര്‍ ന്യൂഡല്‍ഹിയില്‍ വെച്ച് നടന്ന ചടങ്ങില്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നതില്‍ ഗ്രാമങ്ങളിലെ സാമൂഹിക സാമ്പത്തിക പുരോഗതി ഒരു നിര്‍ണായക ഘടകമാണെന്ന് ഐസിഐസിഐ ഫൗണ്ടേഷന്‍ വിശ്വസിക്കുന്നു. കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും ഉല്‍പാദനക്ഷമത കൂട്ടുന്നതിനും കര്‍ഷകര്‍ക്കും ഐസിഎആറിനും ഇടയില്‍ ഒരു പാലമായി ഐസിഐസിഐ ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കും, ഐസിഐസിഐ ഫൗണ്ടേഷന്‍ പ്രസിഡണ്ട് സൗരഭ് സിംഗ് പറഞ്ഞു

ഈ ധാരണാപത്രം വലിയൊരു മുന്നേറ്റം ആണെന്ന് ഐസിഎആര്‍ ഡയറക്ടര്‍ ജനറല്‍ പറഞ്ഞു. ഐസിഎആര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, യൂണിവേഴ്‌സിറ്റികള്‍, കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലുള്ള വിദഗ്ധരുടെ അറിവ് കൂടുതല്‍ ആളുകളിലേക്ക് എത്തുന്നതിന് ഇത് സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

TAGS: ICICI BANK |